തങ്കമണിയുടെ മരണകാരണം അണുബാധയെത്തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഗർഭാശയ ശസ്ത്രക്രിയയ്ക്ക് പിന്നാലെയുണ്ടായ മുറിവും അണുബാധയും മരണത്തിലേക്ക് നയിച്ചെന്നായിരുന്നു കുടുംബത്തിന്റെ പരാതി.
വടകര മന്ദരത്തൂർ സ്വദേശി തങ്കമണിയെ ഗർഭാശയമുഴ നീക്കംചെയ്യാൻ ഒക്ടോബർ 5നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തങ്കമണിയുടെ ആരോഗ്യനില വഷളായി. 10 ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം നടത്തിയ ശസ്ത്രക്രിയയിലെ ഗുരുതര ചികിത്സപ്പിഴവാണ് രോഗിയെ മരണത്തിലേക്കു നയിച്ചതെന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ശസ്ത്രക്രിയയ്ക്കിടെ മുറിവുണ്ടായതായി ഡോക്ടർമാർ സമ്മതിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ ആരോപണത്തോട് ചേർന്നു നിൽക്കുന്നതാണ് മരണകാരണം; അണുബാധയെ തുടർന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് രൂപീകരിച്ച അന്വേഷണ സമിതിയും റിപ്പോർട്ട് സമർപ്പിച്ചു. ഇരു റിപ്പോർട്ടുകളും മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സയ്ക്കിടെ വീഴ്ചയുണ്ടായിട്ടുണ്ടോ, ശസ്ത്രക്രിയയ്ക്കിടെയുണ്ടായ മുറിവിന് മരണവുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കൽ ബോർഡ് വിലയിരുത്തുക.
