വിജിലൻസ് എഫ്ഐആറിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എഫ്ഐആറിലെ അന്വേഷണം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു.
അപ്പീൽ നൽകാനുള്ള അവകാശം നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനാണ് സുപ്രീം കോടതിയിൽ തിരിച്ചടി. പിണറായി വിജയനും വീണാ ടി, മുഹമ്മദ് റിയാസ് എന്നിവർക്കും സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അർഹതയുണ്ടെന്ന് ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയും വി.മോഹനയും ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് ഉത്തരവിൽ കുറ്റകരമായ പ്രവൃത്തി വെളിപ്പെടുത്തുന്ന വസ്തുതകളുണ്ടെന്ന് നിരീക്ഷിച്ച സാഹചര്യത്തിൽ, ഹർജിക്കാരെ കക്ഷികളായി കണക്കാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പീൽ നൽകാനുള്ള അനുമതി നിഷേധിച്ചത് ശരിയായ നടപടിയല്ലെന്നും നിരീക്ഷിച്ചു.
പ്രാഥമികാന്വേഷണം വേണ്ടതില്ല എന്ന ED നിലപാടിനും കോടതിയിൽ തിരിച്ചടിയുണ്ടായി. അത്തരമൊരു അഭിപ്രായം തങ്ങൾക്കില്ലെന്ന് കോടതി വ്യക്തമാക്കി.അപ്പീൽ നടപടികൾക്കായി വിജിലൻസ് എഫ്ഐആറിലെ അന്വേഷണം ഏഴ് ദിവസത്തേക്ക് സ്റ്റേ ചെയ്തു. ഈ കാലയളവിൽ ഉചിതമായ ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് അധികാരമുണ്ടെന്നും വ്യക്തമാക്കി.
കേസിന്റെ മെറിറ്റിൽ അഭിപ്രായം പറയുന്നില്ലെന്നും അപ്പീൽ നൽകാനുള്ള അവകാശം സംബന്ധിച്ച നിരീക്ഷണങ്ങൾ മാത്രമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
