ഇൻഡിഗോ വിമാനത്തിനുള്ളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വെച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. ഇ പി ജയരാജനും മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വെച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവില്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതിത്തള്ളി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു.
വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിൽ ഒരാളായ ഫർസീൻ മജീദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച ശേഷം വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിക്കുകയുമായിരുന്നു. വലിയതുറ പൊലീസ് എസ്എച്ച്ഒയ്ക്കാണ് നിർദേശം നൽകിയത്.
