കരിപ്പൂർ വിമാനത്താവളത്തിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ്. അതേസമയം, കേസിലെ അഞ്ചാം പ്രതി ഹസ്സൻ ഖത്തറിലേക്ക് കടന്നത് പൊലീസിനെതിരെ വിമർശനത്തിന് ഇടയാക്കുന്നു.
ഖത്തർ കെ.എം.സി.സി കവർച്ചാ കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലുള്ള നാലാം പ്രതി പരപ്പിൽ ബാലകൃഷ്ണനുമായി വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. കൊയിലാണ്ടി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകൾ ശേഖരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിലെ മണി എക്സ്ചേഞ്ചിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. വിദേശ കറൻസി വിനിമയം നടത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പൊലീസ് നടപടി. അതേസമയം, കേസിലെ അഞ്ചാം പ്രതി ഹസ്സൻ ഖത്തറിലേക്ക് കടന്നതായി വിവരം പുറത്തുവന്നിട്ടുണ്ട്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ മൂന്ന് ദിവസം മുൻപാണ് ഹസ്സൻ വിദേശത്തേക്ക് പോയത്. പ്രതികളെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. 2025 സെപ്റ്റംബർ 18നാണ് ഖത്തറിലെ അൽ തുമാമയിലുള്ള കെ.എം.സി.സി ഓഫീസിൽ കവർച്ച നടന്നത്. സ്ട്രോങ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം ഖത്തർ റിയാലാണ് കവർന്നത്. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
