സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീണ്ടുകിടക്കുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനമാണ് ശക്തമായ മഴയ്ക്ക് കാരണം. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മത്സ്യബന്ധന വിലക്ക് തുടരും. അതേസമയം, നാളെ മുതൽ മഴയുടെ തീവ്രത ക്രമേണ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
