57-ാം വയസ്സിൽ കടലും മലയും താണ്ടി 113 കിലോമീറ്റർ; ചരിത്രനേട്ടവുമായി ജസ്റ്റിസ് ബെച്ചു കുര്യൻ
കോടതിമുറിയിൽ ന്യായാധിപൻ, നീതിയുടെ കാവലാൾ. നീന്തൽക്കുളത്തിൽ കരുത്തിന്റെ പരീക്ഷണം. സൈക്ലിങ്ങിൽ വേഗത്തിന്റെ വെല്ലുവിളി. ഓട്ടത്തിൽ ലക്ഷ്യത്തിലേക്കുള്ള കുതിപ്പ്. ഔദ്യോഗിക ചുമതലകളുടെ തിരക്കുകൾക്കിടയിലും അസാധാരണമായ ഇച്ഛാശക്തിയോടെ അയൺമാൻ 70.3 ട്രയാത്ത്ലൺ പൂർത്തിയാക്കിയിരിക്കുകയാണ് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്. 57-ാം വയസ്സിൽ ഗോവയിൽ നടന്ന മത്സരം 8 മണിക്കൂർ 46 മിനിറ്റ് 44 സെക്കൻഡുകൊണ്ടാണ് അദ്ദേഹം പൂർത്തിയാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സിറ്റിങ് ഹൈക്കോടതി ജഡ്ജിയെന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്.
പേര് സൂചിപ്പിക്കുന്നതുപോലെ അത്ര എളുപ്പമല്ല അയൺമാൻ 70.3. 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21.1 കിലോമീറ്റർ ഓട്ടം. മൂന്ന് ഇനങ്ങളും ഒരേ ദിവസം പൂർത്തിയാക്കണം. ആകെ ദൂരം 113 കിലോമീറ്റർ. കടലിലെ തിരമാലകളും ജെല്ലിഫിഷുകളുടെ സാന്നിധ്യവും നീന്തലിനെ വെല്ലുവിളിച്ചപ്പോൾ ഗോവയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ പാത സൈക്ലിങ്ങിനെയും പരീക്ഷിച്ചു. ഇതിനൊടുവിൽ 21.1 കിലോമീറ്റർ ഓട്ടം കൂടി പൂർത്തിയാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ ഫിനിഷിങ് പോയിന്റിലെത്തിയത്. 55–59 പ്രായവിഭാഗത്തിലായിരുന്നു മത്സരം.
ഈ നേട്ടത്തിലേക്കുള്ള യാത്രയ്ക്ക് തുടക്കമായത് മകന്റെ പ്രകടനത്തിൽ നിന്നാണ്. മകൻ്റെ അയൺമാൻ മത്സരത്തിലെ പങ്കാളിത്തം നൽകിയ പ്രചോദനമാണ് പിതാവിനെയും ഇതേ വെല്ലുവിളി ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. ഏപ്രിൽ 21-ന് പരിശീലനം ആരംഭിക്കുമ്പോൾ തുടർച്ചയായി നീന്താൻ കഴിഞ്ഞിരുന്നത് 50 മീറ്റർ മാത്രം. അവിടെനിന്ന് മാസങ്ങൾക്കുള്ളിൽ 1.9 കിലോമീറ്റർ നീന്താനുള്ള കരുത്തിലേക്ക് അദ്ദേഹം വളർന്നു.
പരിശീലനത്തിന് സമയം കണ്ടെത്തുകയായിരുന്നു മറ്റൊരു വെല്ലുവിളി. ഹൈക്കോടതിയിലെ ഔദ്യോഗിക ചുമതലകൾക്കൊപ്പം വ്യായാമത്തിനും പരിശീലനത്തിനും സമയം കണ്ടെത്തേണ്ടിയിരുന്നു. ഉറക്കസമയം പോലും ക്രമീകരിച്ചായിരുന്നു തയ്യാറെടുപ്പ്. ഇതിനിടെ ചെറിയ പരിക്കുകൾ. മത്സരം തുടങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കുമ്പോഴും പങ്കെടുക്കാനാകുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ അവസാന നിമിഷംവരെ പരിശ്രമം കൈവിട്ടില്ല.
ആദ്യ മത്സരത്തിൽ സമയത്തേക്കാൾ പ്രധാനം ലക്ഷ്യത്തിലെത്തുക എന്നതായിരുന്നുവെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ പറയുന്നു. അടുത്ത വർഷം ഇതിലും മികച്ച സമയത്തിൽ മത്സരം പൂർത്തിയാക്കണമെന്നാണ് ആഗ്രഹം.

