നീണ്ടകരയിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണനായുള്ള തിരച്ചിൽ തുടരുന്നു. നാവികസേന, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തുന്നത്. നാവികസേനയുടെ സ്കൂബാ സംഘവും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
രാവിലെ ഏഴ് മണിയോടെയാണ് ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൽപേനിയിലെ ഉദ്യോഗസ്ഥരും സംസ്ഥാന ഫിഷറീസ് വകുപ്പും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റൽ പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. അപകടം നടന്ന സ്ഥലത്തെ പാറക്കെട്ടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. നാവികസേനയുടെ ഹെലികോപ്ടറും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പരിശോധന തുടരുകയാണെന്ന് ജില്ലാ കളക്ടർ ആനി ജൂല തോമസ് പറഞ്ഞു.നിലവിലെ തിരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ പ്രതികരിച്ചു. എന്നാൽ ഫിഷറീസ് മന്ത്രി പിന്നീട് തന്നെ വിളിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിലിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലിനും അമ്മ നന്ദി അറിയിച്ചു.
