നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിണറായി വിജയന്റെ ഗൺമാനടക്കമുള്ളർ മർദിച്ച സംഭവത്തിൽ നിർണായകമായ ആദ്യ കേസ് ഡയറി പുറത്ത്. ലോക്കൽ പൊലീസ് മാറ്റിനിർത്തിയ പ്രതിഷേധക്കാരെ ഗൺമാനടക്കം മർദിച്ചെന്ന് എഴുതിയ ഈ ഡയറി തിരുത്തിയാണ് കേസ് എഴുതിത്തള്ളിയത്.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ പറഞ്ഞ രക്ഷാപ്രവർത്തനമല്ല, ആലപ്പുഴയിൽ നടന്നതെന്ന് അടിവരയിടുന്നതാണ് തിരുത്തും മുമ്പുള്ള ആദ്യ കേസ് ഡയറി. എങ്ങനെയാണ് ഗൺമാൻ അനിൽ കല്ലിയൂർ അടക്കം പ്രതിഷേധക്കാരെ മർദിച്ചതെന്ന് കൃത്യമായി ഡയറിയിൽ പറയുന്നു. ലോക്കൽ പൊലീസ് പ്രതിഷേധക്കാരെ വലയം തീർത്ത് മാറ്റി നിർത്തിയിരുന്നു. പക്ഷേ, പിണറായിക്കൊപ്പമുള്ള വാഹനവ്യൂഹത്തിലെ കറുത്ത കാറിൽ നിന്ന് വെള്ള ഷർട്ട് ധരിച്ച ഒരാളും കറുത്ത സ്യൂട്ട് ധരിച്ച മൂന്ന് പേരും ചാടി ഇറങ്ങി. ലാത്തി പോലുള്ള ആയുധം ഉപയോഗിച്ച് രണ്ട് പ്രവർത്തകരെ അടിച്ചു. അതിന് ശേഷം കാറിൽ കയറിപ്പോയെന്നാണ് ഡയറിയിലുള്ളത്. ലോക്കൽ പൊലീസിനടക്കം സംഭവത്തിൽ പരിക്കേറ്റു. സിസിടിവി ദൃശ്യങ്ങളും ആയുധവും കണ്ടെത്തണമെന്നും കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കണമെന്നും കേസ് ഡയറിയിലുണ്ട്. തിരുത്തുന്നതിന് മുമ്പുള്ള ഡയറി കേസ് ഡയറി പെൻഡ്രൈവിലാക്കി എഡിജിപി എംആർ അജിത് കുമാറിന്റെ ഓഫീസിലെത്തിച്ചെന്നാണ് ആദ്യ അന്വേഷണസംഘം എസ്ഐടിക്ക് മൊഴി നൽകിയത്. അതായത് കേസ് ഡയറി തിരുത്തിയെന്ന ഗുരുതര കുറ്റം നീളുന്നത് അജിത് കുമാറിലേക്കാണ്.
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ് അരുൺ ആണ് കേസ് ഡയറി തയ്യാറാക്കിയത്. ആ ഡയറി തിരുത്തി ഗൺമാൻ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി റിപ്പോർട്ട് നൽകിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തിരുത്തുന്നതിന് മുമ്പുള്ള കേസ് ഡയറിയും തിരുത്തിയ ഡയറിയും എസ്ഐടി കണ്ടെടുത്തു. ‘രക്ഷാപ്രവർത്തന’ത്തിൽ വിശദമായ റിപ്പോർട്ട് എസ്ഐടി ഉടൻ സമർപ്പിക്കും. ഗൺമാൻ അടക്കമുള്ളവർക്കെതിരായ ആദ്യ റിപ്പോർട്ട് നാളെ ഡിജിപിക്ക് കൈമാറും. ഡയറി തിരുത്തിയ ‘രണ്ടാം രക്ഷാപ്രവർത്തന’ത്തിൽ ഡിജിപിയും സർക്കാരും തുടർ നടപടി എടുക്കും.
