പേരാമ്പ്രയിലെ നിലവിളക്ക് വിവാദത്തിൽ നിലപാടിലുറച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. വിശ്വാസത്തിൻ്റെ ഭാഗമായി വിളക്ക് കൊളുത്തൽ അനുവദനീയമല്ല. ലീഗിൻ്റെ മുൻഗാമികൾ കാണിച്ച മാതൃക ലീഗ് നേതാക്കൾ പിന്തുടരണമെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു. അതേസമയം വിവാദം ചെറിയ കാര്യമാണെന്നും, അത് അതിന്റെ വഴിക്ക് പോകട്ടെ എന്നും മന്ത്രി എൻ ഷംസുദ്ദീൻ പ്രതികരിച്ചു.
പേരാമ്പ്രയിലെ റസ്റ്റോറന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എംഎൽഎ ഫാത്തിമ തഹ്‌ലിയ കൊളുത്തിയ നിലവിളക്കിന്റെ തീ, വിവാദച്ചൂട് പിടിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫാത്തിമ തഹ്ലിയയെ തള്ളി സമസ്ത മുശാവറ പ്രസ്താവന ഇറക്കിയത്. സമസ്തയുടെ നിലപാടിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുമ്പോഴും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം. വിശ്വാസത്തിന്റെ ഭാഗമായ വിളക്ക് കൊളുത്തൽ തെറ്റെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. ലീഗിന്റെ മുൻഗാമികൾ കാണിച്ച മാതൃക ലീഗ് നേതാക്കൾ പിന്തുടരണം, മതവിധി പറയുന്നതിലൂടെ, സമുദായം പൊതുപരിപാടികൾ വിലക്കുന്നവരാണെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുണ്ടെന്നും ഉമർ ഫൈസി ആരോപിച്ചു.
എന്നാൽ വിവാദം ചെറിയ കാര്യമാണെന്നായിരുന്നു മന്ത്രി എൻ ഷംസുദ്ദീന്റെ പ്രതികരണം. വിവാദത്തെക്കുറിച്ച് ഫാത്തിമ തഹ്ലിയയോട് തന്നെ ചോദിക്കണമെന്ന് പറഞ്ഞ് മന്ത്രി ടി സിദ്ദിഖ് ഒഴിഞ്ഞുമാറി. വിഷയം വഷളാക്കേണ്ടതില്ല എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്. വിഷയത്തിൽ ഇത് വരെ ഫാത്തിമ തഹ്ലിയയും പ്രതികരിച്ചിട്ടില്ല.
