നഴ്സസ് ദിനത്തിൽ തൃശൂരിൽ ഉപവാസ സമരവുമായി അമല, ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാർ. വേതന വർധന ആവശ്യപ്പെട്ടുള്ള സമരം ഒന്നര മാസത്തിലേറെയായി തുടർന്നിട്ടും വിഷയത്തിൽ പരിഹാരമാകാതെ വന്നതോടെയാണ് നഴ്സസ് ദിനത്തിൽ കലക്ടറേറ്റിന് മുന്നിൽ രണ്ട് ആശുപത്രികളിലെയും നഴ്സുമാർ സംയുക്തമായി ഉപവാസ സമരം നടത്തുന്നത്.
ആശുപത്രിക്ക് മുന്നിലെ നഴ്സുമാരുടെ സമരം 57 ദിവസം പിന്നിടുകയാണ്. മാനേജ്മെന്റുകൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കാത്ത സാഹചര്യത്തിലാണ് നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് വായ മൂടിക്കെട്ടി സമരം നടത്തേണ്ടി വന്നത്. മറ്റ് ആശുപത്രികളിൽ സമരത്തെ തുടർന്ന് വേതന വർധന അടക്കം നടപ്പാക്കിയിരുന്നു. അപ്പോഴും വേതന വർധന അംഗീകരിക്കില്ലെന്ന പിടിവാശിയിലാണ് ക്രൈസ്തവസഭകൾക്ക് കീഴിലെ അമല, ജൂബിലി മിഷൻ ആശുപത്രികൾ. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് യുഎൻഎയുടെ തീരുമാനം.
