നിയമസഭാ കയ്യാങ്കളിക്കിടെ എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചെന്ന പരാതിയിൽ മുൻ യുഡിഎഫ് എംഎൽഎ എ.ടി. ജോർജിനെതിരായ കേസും ഹൈക്കോടതി റദ്ദാക്കി. സ്ത്രീകൾക്കെതിരായ അതിക്രമക്കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ റദ്ദാക്കിയത്.ഇതോടെ കേസിൽ പ്രതികളായിരുന്ന നാല് യുഡിഎഫ് എംഎൽഎമാരും കുറ്റവിമുക്തരായി. ഡൊമിനിക് പ്രസന്റേഷൻ, ശിവദാസൻ നായർ, എം.എ. വാഹിദ് എന്നിവർക്കെതിരായ കേസുകൾ നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അതേസമയം, നിയമസഭാ കയ്യാങ്കളിക്കിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ നാല് എൽഡിഎഫ് എംഎൽഎമാർ വിചാരണ നേരിടണം.യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസിനൊപ്പം വിചാരണ നടത്തണമെന്ന എൽഡിഎഫ് എംഎൽഎമാരുടെ ആവശ്യം ഹൈക്കോടതി തള്ളി. യുഡിഎഫ് എംഎൽഎമാർക്കെതിരായ കേസുകൾ റദ്ദാക്കിയ സാഹചര്യത്തിൽ ഹർജി അപ്രസക്തമാണെന്നും കോടതി വ്യക്തമാക്കി.
