ആലപ്പുഴ ജില്ലയിൽ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ കുട്ടനാട് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. പമ്പാനദി കരകവിഞ്ഞൊഴുകിയതോടെ തിരുവല്ല–അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, ശക്തമായ കടൽക്ഷോഭം ജില്ലയുടെ തീരദേശ മേഖലകളിലും വ്യാപക നാശനഷ്ട ഭീഷണി ഉയർത്തുകയാണ്.
മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കിഴക്കൻ മേഖലകളിൽ നിന്നുള്ള ജലപ്രവാഹം വർധിച്ചതോടെ അപ്പർ കുട്ടനാടും കുട്ടനാട് മേഖലയിലെ താഴ്ന്ന പ്രദേശങ്ങളും വീണ്ടും വെള്ളത്തിനടിയിലാകാൻ തുടങ്ങി. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെടുമ്പ്രം ഭാഗത്ത് സംസ്ഥാനപാത വെള്ളത്തിലായതോടെ ആ വഴിയുള്ള കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെ ദുരിതബാധിതരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന നടപടികളും പുരോഗമിക്കുകയാണ്.
നദികളിലെ ജലനിരപ്പ് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ തോട്ടപ്പള്ളി സ്പിൽവേയുടെ എല്ലാ ഷട്ടറുകളും തുറന്ന് കടലിലേക്ക് ശക്തമായി വെള്ളം ഒഴുക്കിവിടുകയാണ്. പ്രദേശത്തെ പ്രളയഭീഷണിക്ക് ശാശ്വത പരിഹാരമായി ചെല്ലാനം മാതൃകയിൽ സംരക്ഷണ സംവിധാനം ഒരുക്കണമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ ആവശ്യപ്പെട്ടു.
ഇതിനിടെ ജില്ലയുടെ തീരദേശ മേഖലയിലും കടൽക്ഷോഭം രൂക്ഷമാണ്. പ്രത്യേകിച്ച് അമ്പലപ്പുഴ മണ്ഡലത്തിൽ വലിയ തിരമാലകൾ തീരത്തടിക്കുന്നതോടെ കടൽവെള്ളവും മണലും നിരവധി വീടുകളിലേക്ക് അടിച്ചുകയറി. ചില വീടുകളുടെ ഭിത്തികൾക്ക് കേടുപാടുകൾ സംഭവിച്ചതായും താമസം ദുഷ്കരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
അടുത്ത ദിവസങ്ങളിൽ മഴ വീണ്ടും ശക്തമായാൽ കുട്ടനാട്ടിലെയും തീരദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചിട്ടുണ്ട്.
