വിവാദ നിർദേശങ്ങളുള്ള ഭരണഘടനാ ഭേദഗതി ബില്ലിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റി (ജെപിസി) ജൂലൈ 17ന് റിപ്പോർട്ട് നൽകുമെന്നാണ് സൂചന. ബില്ലിലെ വിവാദ നിർദേശങ്ങൾ അതുപോലെ നിലനിർത്താനാണ് ശുപാർശയെന്നാണ് റിപ്പോർട്ടുകൾ. ഇനി ഇഷ്ടമില്ലാത്ത ഏതു മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കേസ് എടുത്ത് പുറത്താക്കാൻ അന്വേഷണ ഏജൻസികൾക്കു കഴിയുമോ എന്നാണ് ഉയരുന്ന ചോദ്യം. സംസ്ഥാന മന്ത്രിസഭകളെ പിരിച്ചുവിടുന്നതിന് പകരം ഇനി കേസ് എടുത്താൽ മതി എന്ന സ്ഥിതി വരും. കോടതി വിധിക്കുന്നതുവരെ കുറ്റക്കാരനല്ല എന്ന സങ്കൽപ്പമാണ് പുതിയ ബില്ലിലൂടെ കേന്ദ്രസർക്കാർ തിരുത്തുന്നത്.
അഞ്ചുവർഷത്തിൽ കൂടുതൽ ശിക്ഷ കിട്ടാവുന്ന വകുപ്പിലുള്ള കേസിൽ റിമാൻഡിലായാൽ ഇനി രാജിയല്ലാതെ മറ്റുവഴിയില്ല. 30 ദിവസം ജയിലിൽ കിടന്നാൽ മുപ്പത്തിയൊന്നാം ദിവസം രാജിവയ്ക്കണം. ഇല്ലെങ്കിൽ സ്വാഭാവികമായി പദവി നഷ്ടമാകും. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി സ്ഥാനത്തു തുടർന്നത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് പുതിയ ബിൽ അവതരിപ്പിച്ചത്. വിവാദമായതോടെ ജെപിസിക്കു വിടുകയായിരുന്നു. ആരോപണ വിധേയർ രാജിവച്ചു മാറി നിൽക്കുക എന്നതായിരുന്നു പഴയ രീതി. കേസ് എടുക്കലും കുറ്റംവിധിക്കലും ഒന്നും ഉണ്ടാകാതെ തന്നെ മുൻപൊക്കെ രാജി സംഭവിച്ചുകൊണ്ടിരുന്നു. എന്നാൽ കേസ് എടുക്കുന്ന അന്വേഷണ ഏജൻസികൾ കൂട്ടിലെ തത്തയാണെന്ന് സുപ്രീം കോടതി വരെ പറയുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഈ ബില്ലും സംശയത്തിലാണെന്ന് പ്രതിപക്ഷം പറയുന്നു.
വിചാരണയില്ലാതെ ആറുമാസമാണ് അരവിന്ദ് കേജ്രിവാൾ ജയിലിൽ കഴിഞ്ഞത്. ഈ ആറുമാസക്കാലം മുഴുവൻ ഡൽഹിയുടെ മുഖ്യമന്ത്രിയായും തുടർന്നു. ജയിലിൽ നിന്നു പുറത്തുവന്ന ശേഷമാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതും അദീഷിക്കു ചുമതല നൽകിയതും. ജയിലിൽ കിടന്ന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഉൾപ്പെടെ മന്ത്രിസഭയിലെ ഭൂരിപക്ഷംപേരും പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ തോറ്റു. ഇവിടെ ആദ്യം മുതൽ അരവിന്ദ് കേജ്രിവാൾ ഉയർത്തിയ ഒരു വാദമുണ്ട്. ഇല്ലാത്ത കേസിൽ കേന്ദ്രസർക്കാർ കുടുക്കുന്നു എന്നായിരുന്നു അത്. ആ വാദം ഏറെക്കുറെ ശരിവച്ച് ഹൈക്കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.
സംശുദ്ധ രാഷ്ട്രീയം വാഗ്ദാനം ചെയ്താണ് ആംആദ്മി പാർട്ടി നിലവിൽ വന്നത്. വിവരാവകാശ പ്രവർത്തകൻ എന്ന നിലയിൽ അഴിമതി തുറന്നു കാണിച്ചാണ് നേതാവിന്‍റെ ആ കരിയർ കെട്ടിപ്പടുത്തത്. റിലയൻസ് ഗ്രൂപ്പിൽ നിന്ന് സർക്കാരുകൾക്കു കിട്ടിയ സംഭാവന അഴിമതിപ്പണമെന്ന് ആരോപിച്ചാണ് കയ്യടി നേടിയത്. അതേ കേജ്രിവാളാണ് മദ്യവിതരണക്കാരിൽ നിന്ന് പണം കൈപ്പറ്റി എന്ന ആരോപണം നേരിട്ടത്. ആ ആരോപണം കോടതിയിൽ തെളിയിക്കാൻ അന്വേഷണ ഏജൻസികൾക്കു സാധിച്ചില്ല. ഫലത്തിൽ കേജ്രിവാളിന്‍റ പ്രതിച്ഛായ നഷ്ടമാവുകയും പാർട്ടി ഭരണത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. പുതിയ ബിൽ പാസായാൽ ഇത്രപോലും ആവശ്യമില്ല. കേസ് എടുത്ത് 30 ദിവസം റിമാൻഡിലായാൽ തന്നെ രാജിവയ്ക്കേണ്ടി വരും.
ഇപ്പോൾ എൻഡിഎ ഘടകകക്ഷിയായ ടിഡിപി നോക്കുക. ചന്ദ്രബാബു നായിഡുവിന് എതിരെ ഡസൻകണക്കിനു കേസുകളാണ് ഒരു വർഷം മുൻപുവരെ ഉണ്ടായിരുന്നത്. നായിഡു ജയിലിൽ കിടക്കുമ്പോഴാണ് എൻഡിഎ മുന്നണിയിൽ ചേരാൻ തീരുമാനിക്കുന്നത്. പുറത്തിറങ്ങി തെരഞ്ഞെടുപ്പ് ജയിച്ചു. ഇപ്പോൾ കേന്ദ്രസർക്കാരിന്‍റെ ഭാഗമായി. ഒപ്പം ആന്ധ്രയും ഭരിക്കുന്നു. പഴയ കേസുകൾ പോയ വഴിപോലും കാണാനില്ല. വ്യക്തിപരമായി ചന്ദ്രബാബു നായിഡു സമ്പാദിച്ച കോടികളെക്കുറിച്ചായിരുന്നു ആ കേസുകളെല്ലാം. ഭാര്യയുടേയും മക്കളുടേയും പേരിലുള്ള കമ്പനികൾക്കുണ്ടായ അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ചായിരുന്നു അന്വേഷണം നടന്നത്. പാർട്ടിക്കുവേണ്ടിപോലും പണം വാങ്ങിയെന്നല്ല, നായിഡു സ്വന്തം നിലയ്ക്കു സമ്പാദിച്ചു എന്നായിരുന്നു കേസുകൾ. ഇപ്പോൾ കേസുമില്ല, അന്വേഷണവുമില്ല. ഇതാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്ന പ്രശ്നം. ചന്ദ്രബാബു നായിഡു പിണങ്ങിയാൽ ഇതിൽ ഏതെങ്കിലും ഒരു കേസിന് ജീവൻ വയ്ക്കുകയും മുഖ്യമന്ത്രി റിമാൻഡിലാവുകയും ചെയ്താൽ മതി. അതോടെ അധികാരം നഷ്ടപ്പെടും.
ഒരൊറ്റ അഴിമതി ആരോപണം കൊണ്ടാണ് രണ്ടു സംസ്ഥാനങ്ങൾ ഭരിക്കുന്ന പാർട്ടിയെ ഏറെക്കുറെ നിഷ്പ്രഭമാക്കിയത്. അരവിന്ദ് കേജ്രിവാളിന്‍റെ ജയിൽവാസം മാത്രമാണ് ആ പരാജയത്തിന്‍റെ കാരണവും. അങ്ങനെ പിടിച്ച് ജയിലിലിട്ടാൽ തന്നെ ഇനി രാജിയല്ലാതെ വഴിയില്ല എന്നതാണ് പുതിയ രീതി. അരവിന്ദ് കേജ്രിവാൾ അകപ്പെട്ടതുപോലുള്ള കേസുകൾ നോക്കുക. പണംതിരിമറി കേസ് വ്യാജമാണെന്നു കോടതിയിൽ തെളിയിക്കുന്നതുവരെ ജാമ്യം കിട്ടില്ല. പുറത്തിറങ്ങിയാൽ തെളിവുനശിപ്പിക്കും എന്ന ഒറ്റവാദം മതി ജയിലിലടയ്ക്കാൻ. അവിടെ കേസ് തെളിയിക്കേണ്ടത് അന്വേഷണ ഏജൻസിയുടെ ബാധ്യതയല്ല. കേസ് തെറ്റാണെന്നു തെളിയിക്കേണ്ടത് അറസ്റ്റിലാകുന്നവരുടെ മാത്രം ബാധ്യതയാണ്. ഇപ്പോൾ കേസോ ആരോപണമോ ഇല്ലാത്ത ഒരു പ്രതിപക്ഷ മുഖ്യമന്ത്രി പോലുമില്ല. ഇത്തരമൊരു കേസിൽ അന്വേഷണ ഏജൻസി ആരോപിക്കുന്നതാണ് കോടതിയിൽ നിലനിൽക്കുന്നത്.
കർണാടകത്തിലെ കോൺഗ്രസ് മുഖ്യമന്ത്രി ഡികെ ശിവകുമാർ നേരത്തെ ജയിലിൽ കിടന്നിട്ടുള്ളയാളാണ്. ഇപ്പോഴും നിരവധി കേസുകളിൽ അന്വേഷണം നേരിടുന്നുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരേയുമുണ്ട് നിരവധി കേസുകൾ. ഇഡി തന്നെ പലതവണ വിളിച്ച് ചോദ്യം ചെയ്തതാണ്. അഴിമതി കേസും അറസ്റ്റുമുണ്ടായിട്ടും രണ്ടു മന്ത്രിമാരെ ഒരുവർഷത്തോളം സ്ഥാനത്തു നിന്നു മാറ്റാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തയ്യാറായില്ല. ഒടുവിൽ അവർക്കിരുവർക്കും രാജിവയ്ക്കേണ്ടി വന്നു. കേസ് വരുമ്പോൾ മന്ത്രിമാരും മുഖ്യമന്ത്രിമാരും രാജിവയ്ക്കേണ്ടത് ധാർമികതയുടെ പേരിലാകണമെന്നാണ് പ്രതിപക്ഷം പറയുന്നത്. കേസ് എടുത്താൽ തന്നെ അവരെ രാജിവയ്പ്പിക്കാം എന്ന നിലയുണ്ടാകുന്നതും ആശാസ്യമല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു.
