വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്‍റെ മൃതദേഹത്തിൽ പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളൊന്നുമില്ല. തലച്ചോറ്, ഹൃദയം, കരൾ, വൃക്കകൾ,കുടൽ, പ്രധാന രക്തക്കുഴലുകൾ എന്നിവ നീക്കം ചെയ്ത മൃതദേഹമാണ് നാട്ടിൽ എത്തിയതെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് ആന്തരിക അവയവങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണെന്ന് വ്യക്തമായത്.
കഴുത്തു മുതൽ അടിവയർ വരെയുള്ള ഭാഗത്ത് 60 സെന്‍റീമീറ്റർ നീളത്തിൽ ശസ്തക്രിയ നടത്തിയ പാടുണ്ടായിരുന്നു. തലയുടെ പിന്നിൽ ഒരു ചെവിയിൽ നിന്ന് മറ്റെ ചെവിവരെ എത്തുന്ന ശസ്ത്രക്രിയ നടത്തിയ മുറിവും ഉണ്ടായിരുന്നു. മേയ് ഏഴു മുതൽ ജൂൺ അഞ്ചു വരെ ശീതീകരിച്ച് സൂക്ഷിച്ച മൃതദേഹമാണ് കുടുംബത്തിന് വിട്ടു നൽകിയത്. നാട്ടിൽ കൊണ്ടുവന്നപ്പോൾ ഇവിടെ പോസ്റ്റ് മോർട്ടം നടത്താൻ ഡോക്ടർമാർ വിസമ്മതിച്ചു. പ്രത്യേക കോടതി ഉത്തരവ് വാങ്ങിയാണ് ബന്ധുക്കൾ പോസ്റ്റ് മോർട്ടം നടത്തിയത്. ആ പോസ്റ്റ് മോർട്ടത്തിലാണ് ആന്തരിക അവയവങ്ങളെല്ലാം നീക്കം ചെയ്തിരിക്കുകയാണെന്ന് വ്യക്തമായത്.
2025 നവംബറിലാണ് ഉത്തർപ്രദേശിലെ ദേവരിയയിൽ നിന്നുള്ള രാകേഷ് ചൗഹാൻ എക്സ്ഫിനിറ്റി എന്ന കമ്പനിയിൽ മർച്ചന്‍റ് നേവി ജീവനക്കാരനായി കയറിയത്. മേയ് മാസത്തിൽ രാകേഷിന് കപ്പലിൽ വീണു പരുക്കേറ്റെന്നും ചികിൽസയിലാണെന്നും പിന്നീട് മരണം സംഭവിച്ചെന്നുമാണ് കമ്പനി കുടുംബത്തെ അറിയിച്ചത്. കപ്പലിൽ വീണുണ്ടായ ഗുരുതരമായ പരുക്കാണ് മരണകാരണം എന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ ശസ്ത്രക്രിയ നടത്തിയ പാടുകൾ അല്ലാതെ മൃതദേഹത്തിൽ വീണു പരുക്കേറ്റതിന്‍റെ ലക്ഷണങ്ങളൊന്നും കണ്ടില്ലെന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ട്.
വെനസ്വേലയിൽ നിന്ന് മെഡിക്കൽ റിപ്പോർട്ടുകളൊന്നും നൽകാതെയാണ് മൃതദേഹം നാട്ടിലേക്ക് അയച്ചതെന്ന് ഫെഡറേഷൻ ഓഫ് സീഫെയറേഴ്സ് യൂണിയൻസ് ഓഫ് ഇന്ത്യ ആരോപിച്ചു. മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. അവയവങ്ങൾ മാറ്റിയതിനെക്കുറിച്ച് വെനസ്വേലയൻ അധികൃതരോ കപ്പൽ കമ്പനിയോ പ്രതികരിച്ചിട്ടില്ല.വിദേശത്ത് പോസ്റ്റ്മാർട്ടം നടത്തിയതാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇവിടെ വീണ്ടും പോസ്റ്റ്മാർട്ടത്തിന് ഡോക്ടർമാർ വിസമ്മതിച്ചത്. ഒടുവിൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടതോടെയാണ് പോസ്റ്റ്മാർട്ടം നടന്നത്. ആന്തരിക അവയവങ്ങളൊന്നുമില്ലാത്തതിനാൽ ഇവിടെ മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ല.
മകന്‍റെ മരണത്തിൽ കൃത്യമായ വിവരങ്ങളൊന്നും കമ്പനി നൽകിയില്ലെന്ന് രാകേഷ് ചൗഹാന്‍റെ പിതാവ് രാം ദേവ് ചൗഹാൻ ആരോപിച്ചു. വെനസ്വേലയിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിന്റെ റിപ്പോർട്ടും കൈമാറിയില്ല. രാകേഷിന് ഹൃദയാഘാതം ഉണ്ടായി എന്നാണ് ആദ്യം പറഞ്ഞതെങ്കിൽ പിന്നീട് കപ്പലിൽ വീണു പരുക്കേറ്റു എന്നാക്കി. അപകടത്തിന്‍റെ പിറ്റേന്ന് രാകേഷ് രക്ഷപെടാൻ അഞ്ചു ശതമാനം മാത്രമേ സാധ്യതയുള്ളൂവെന്ന് കമ്പനി കുടുംബത്തെ അറിയിക്കുകയായിരുന്നു. അന്നു വൈകിട്ട് തന്നെ രാകേഷ് മരിച്ചതായി അറിയിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ മൃതദേഹം എത്തിക്കുമെന്ന് അറിയിച്ചെങ്കിലും ഒരു മാസം കഴിഞ്ഞാണ് കൊണ്ടുവന്നത്. നാവികരുടെ സംഘടന വിദേശകാര്യ മന്ത്രാലയത്തിന് പരതി നൽകി. കരാക്കസിലെ ഇന്ത്യൻ എംബസിക്കും പരാതി നൽകിയിട്ടുണ്ട്.
