പത്തനംതിട്ട കോന്നിയിലെ ഊരുമൂപ്പൻ മോഹൻദാസിനെ അഞ്ച് ദിവസമായി കാണാതായ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. 2023-ൽ ഒത്തുതീർപ്പായ കേസിൽ വീണ്ടും സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് മോഹൻദാസ് കാട്ടിലേക്ക് പോകാൻ കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. അന്ന് കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് പണം വാങ്ങിയെന്നും കുടുംബം ആരോപിക്കുന്നു.
2023-ൽ കാട്ടാത്തി ഊരിൽ ഉണ്ടായ വാക്കുതർക്കവുമായി ബന്ധപ്പെട്ട കേസിൽ മധ്യസ്ഥനായി നിന്നിരുന്ന മോഹൻദാസിനെയും പ്രതിചേർത്താണ് കോന്നി പോലീസ് കേസെടുത്തത്.അന്ന് തൊഴിലുറപ്പ് ജീവനക്കാരിയായ ഗോമതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂപ്പനെയും പ്രതിചേർത്ത് കോന്നി പോലീസ് കേസെടുത്തത്.പരാതിക്കാരിയായ ഗോമതി പിന്നീട് പരാതി പിൻവലിച്ചതായും കേസ് ഒത്തുതീർന്നതായും പറഞ്ഞു. എന്നാൽ അതേ കേസിൽ വീണ്ടും ഹാജരാകാൻ സമൻസ് ലഭിച്ചതോടെയാണ് മോഹൻദാസ് കടുത്ത മാനസിക സമ്മർദത്തിലായത് എന്നാണ് കുടുംബത്തിന്റെ വിശദീകരണം.
ശനിയാഴ്ച രാവിലെയോടെയാണ് മോഹൻദാസ് കാട്ടിലേക്ക് പോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. തുടർന്ന് പോലീസിനും വനംവകുപ്പിനും പരാതി നൽകിയെങ്കിലും അഞ്ച് ദിവസമായിട്ടും അദ്ദേഹത്തെ കണ്ടെത്താനായിട്ടില്ല. ആരോഗ്യപ്രശ്നങ്ങളുള്ള മോഹൻദാസ് അധികദൂരം പോയിട്ടുണ്ടാകില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. തെരച്ചിൽ തുടരുകയാണെങ്കിലും ഇതുവരെ നിർണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
