ബിഹാറിലെ സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സസാരം–പട്ന പാസഞ്ചർ ട്രെയിനിൽ വൻ തീപിടിത്തം. പ്ലാറ്റ്ഫോം നമ്പർ ആറിലായിരുന്നു സംഭവം. സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന ട്രെയിനിലെ ഒരു കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരിഭ്രാന്തി പടർന്നത്. പിന്നാലെ തീ അതിവേഗം പടർന്ന് ഒരു കോച്ച് പൂർണമായും കത്തിനശിച്ചു.സംഭവത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ സുരക്ഷ ശക്തമാക്കി. വിവരം ലഭിച്ചതിനെ തുടർന്ന് നിരവധി ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ട്രെയിൻ സർവീസിനെ ഭാഗികമായി ബാധിച്ചെങ്കിലും വലിയ അപകടം ഒഴിവായതായി റെയിൽവേ അധികൃതർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് പിന്നിലെ പ്രാഥമിക കാരണമെന്നാണ് സൂചന. സംഭവസമയം ട്രെയിൻ നിർത്തിയിട്ടിരുന്നതിനാൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കത്തിനശിച്ച കോച്ചിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം തിരുവനന്തപുരം–നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ രണ്ട് ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ട്രെയിൻ തീപിടിത്തമാണിത്. തുടർച്ചയായ സംഭവങ്ങൾ റെയിൽവേ സുരക്ഷയെ കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.
