സുഹൈൽ സജീവ് ഒഴികെയുള്ള മൂന്ന് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന് നവംബർ 16ന് ജാമ്യം നൽകാനും ഹൈക്കോടതി ഉത്തരവിട്ടു.
മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ചത് ഗുരുതര കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യത്തെ സർക്കാർ ശക്തമായി എതിർത്തു. 162 കിലോമീറ്റർ വേഗത്തിലാണ് കാർ പാഞ്ഞത്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിച്ചില്ല. അമിതവേഗത്തിലുള്ള ഡ്രൈവിംഗ് പ്രതികൾ ആഘോഷമാക്കിയെന്നും ഡിജിപി കോടതിയിൽ വാദിച്ചു. അപകടത്തിന്റെ ദൃശ്യങ്ങളും BMWയുടെ ഇഡിആർ വിവരങ്ങളും കോടതി പരിശോധിച്ചു.
എന്നാൽ ഒരു മാസമായി പ്രതികൾ റിമാൻഡിലല്ലേയെന്ന് കോടതിയുടെ ചോദ്യം. കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയില്ലേ? ഇനിയും തടവിൽ തുടരേണ്ടതിന്റെ പ്രത്യേക കാരണം എന്തെന്നും കോടതി ആരാഞ്ഞു.
പ്രതികൾ വിദ്യാർഥികളാണെന്നും മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പഠനം മുടങ്ങിയെന്നും പ്രതിഭാഗം വാദിച്ചു. അപകടം ദൗർഭാഗ്യകരമാണെങ്കിലും മനഃപൂർവം അപകടമുണ്ടാക്കാൻ പ്രതികൾക്ക് ഉദ്ദേശ്യമുണ്ടായിരുന്നോ എന്നതാണ് പ്രധാനമെന്ന് കോടതി നിരീക്ഷിച്ചു.
ഒടുവിൽ രണ്ടും മൂന്നും നാലും പ്രതികളായ നിനവ്, ജോയൽ, അമീർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി സുഹൈൽ സജീവിന് നവംബർ 16ന് ജാമ്യം നൽകാനും കോടതി ഉത്തരവിൽ രേഖപ്പെടുത്തി. അതിനകം അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
