മഴയിൽ ചോർന്നൊലിക്കുന്ന അപ്പാർട്ട്മെന്റിൽ ഭയത്തോടെയാണ് അന്തേവാസികൾ കഴിയുന്നത്. അധികൃതരുടെ അനാസ്ഥ മൂലം ഇനിയും എത്രകാലം ഈ ദുരിതം സഹിക്കണമെന്നാണ് പി ആൻഡ് ടിയിലെ കുടുംബങ്ങളുടെ ചോദ്യം.
മാനം കറുത്താൽ മഴ പെയ്താൽ പി ആൻഡ് ടി അപാർട്മെന്റിലുള്ളവർക്ക് ഭയമാണ്. മഴയിൽ അപ്പാർട്ട്മെന്റ് ആകെ ചോർന്നൊലിക്കും. കോൺക്രീറ്റ് ഭാഗം അടർന്നു വീഴും. ഇതിനുപുറമെ കെട്ടിടത്തിന്റെ മുകൾഭാഗത്തുനിന്ന് പുഴുക്കൾ വീടുകളിലേക്ക് വീഴും.
ഭക്ഷണത്തിലും വീട്ടുപകരണങ്ങളിലും കിടപ്പുമുറികളിലുമെല്ലാം പുഴുക്കൾ വീഴുന്ന സാഹചര്യം കുടുംബങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നു. കുട്ടികളും സ്ത്രീകളും വയോധികരും ഉൾപ്പെടെ താമസക്കാർ നേരിടുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. പലതവണ പരാതികൾ നൽകിയിട്ടും താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് അപ്പുറം ഒന്നും തന്നെ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
സുരക്ഷിതമായ ഒരു വീടിനായി പി ആൻഡ് ടിയിലെ ജനങ്ങൾ സമരം ആരംഭിച്ചിട്ട് 100 ദിവസം പിന്നിടുന്നു. പക്ഷെ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടി സ്വീകരിക്കാൻ ആരും തയാറല്ല. ഇനിയും എത്രക്കാലം ദുരിതം സഹിക്കണമെന്നാണ് കുടുംബങ്ങളുടെ ചോദ്യം.
