കേരള പ്രവാസി ക്ഷേമബോർഡിന്റെ മൂന്ന് മാസത്തെ പെൻഷൻ വിതരണം മുടങ്ങി. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷനാണ് ലഭിക്കാനുള്ളത്. രോഗികളും പ്രായമായവരുമടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്രയമായ പെൻഷൻ മുടങ്ങുമ്പോഴും സർക്കാർ സഹായത്തിനായി കാത്തിരിക്കുകയാണ് ക്ഷേമബോർഡ്.
ഓരോ മാസവും അഞ്ചാം തീയതിയോടെ അക്കൗണ്ടിലെത്തിയിരുന്ന പെൻഷൻ. ഇന്ന് അതിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. കേരള പ്രവാസി ക്ഷേമബോർഡിലെ പെൻഷൻ വിതരണമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മുടങ്ങിയത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ പെൻഷൻ ഇതുവരെ വിതരണം ചെയ്തിട്ടില്ല. 97,908 പേരാണ് നിലവിൽ ക്ഷേമബോർഡിൽ നിന്ന് പെൻഷൻ വാങ്ങുന്നത്. ഇതിൽ രോഗികളും അവശത അനുഭവിക്കുന്നവരുമുണ്ട്. പലർക്കും ജീവിതച്ചെലവിനും ചികിത്സയ്ക്കുമുള്ള പ്രധാന ആശ്രയമാണ് ഈ തുക. ഓണത്തോടനുബന്ധിച്ച് പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ജൂലൈ മാസത്തെ പെൻഷൻ വിതരണം ചെയ്തത്. അതോടെ ഫണ്ട് തീർന്നു. തുടർന്നുള്ള മാസങ്ങളിലെ പെൻഷൻ നൽകാൻ സർക്കാരിന്റെ പുതിയ സാമ്പത്തിക സഹായം ആവശ്യമാണ്. ഒരു വർഷത്തോളമായി പെൻഷൻ വിതരണം കൃത്യമായല്ല നടക്കുന്നത്. മുൻപ് എല്ലാ മാസവും അഞ്ചാം തീയതി ലഭിച്ചിരുന്ന പെൻഷൻ പലപ്പോഴും വൈകിയാണ് ലഭിക്കുന്നത്. ഇപ്പോൾ മൂന്ന് മാസത്തെ തുക കുടിശ്ശികയായതോടെ പ്രതിസന്ധി രൂക്ഷമായി.
കേരള പ്രവാസി ക്ഷേമബോർഡിൽ തുടർച്ചയായി അഞ്ചുവർഷത്തിലധികം അംശദായം അടച്ച 60 വയസ്സ് പൂർത്തിയായ അംഗങ്ങൾക്കാണ് പെൻഷന് അർഹത. വിദേശത്തുള്ള പ്രവാസികൾ പ്രതിമാസം 350 രൂപയും തിരിച്ചെത്തിയ പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ കഴിയുന്നവരും 200 രൂപയുമാണ് അംശദായമായി അടയ്ക്കുന്നത്. വിദേശ പ്രവാസികൾക്ക് കുറഞ്ഞത് 3500 രൂപയും തിരിച്ചെത്തിയ പ്രവാസികൾക്ക് 3000 രൂപയുമാണ് പ്രതിമാസ പെൻഷൻ. അഞ്ചുവർഷത്തിലധികം അംശദായം അടച്ചവർക്ക് ഓരോ അധിക അംഗത്വവർഷത്തിനും കുറഞ്ഞ പെൻഷന്റെ മൂന്ന് ശതമാനം അധികമായി ലഭിക്കും.
പെൻഷൻ കുടിശ്ശിക മാത്രമല്ല പ്രവാസികൾ നേരിടുന്ന പ്രതിസന്ധി. പെൻഷൻ പദ്ധതിക്ക് പുറമേ കുടുംബ പെൻഷൻ, ചികിത്സാ സഹായം, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ-പ്രസവ ധനസഹായം, മരണാനന്തര സഹായം, ഭവനവായ്പ സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങളും ക്ഷേമബോർഡ് നൽകുന്നുണ്ട്. എന്നാൽ ഈ ആനുകൂല്യങ്ങൾക്കായി നൽകിയ അപേക്ഷകളിൽ പലതും തീർപ്പാക്കാൻ മാസങ്ങളെടുക്കുന്നുവെന്നും പരാതിയുണ്ട്. അംഗങ്ങളുടെ അംശദായവും രജിസ്ട്രേഷൻ ഫീസും പിഴയുമാണ് ക്ഷേമബോർഡിന്റെ പ്രധാന വരുമാനം. എന്നാൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ ഈ വരുമാനം മതിയാകുന്നില്ല. ഒരു മാസത്തെ പെൻഷൻ വിതരണത്തിന് മാത്രം 32 കോടിയിലേറെ രൂപ ആവശ്യമാണ്. സർക്കാർ ഗ്രാന്റിനെ ആശ്രയിച്ചാണ് ബോർഡിന്റെ പ്രവർത്തനം മുന്നോട്ടുപോകുന്നത്. സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് കുടിശ്ശികയായ പെൻഷൻ ഒന്നിച്ചോ ഘട്ടംഘട്ടമായോ വിതരണം ചെയ്യുമെന്നാണ് ക്ഷേമബോർഡിന്റെ വിശദീകരണം.
