കൊല്ലം പോർട്ടിന് കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് നീളുന്നു. ഒന്നരമാസം മുമ്പേ നടപടികൾ ആരംഭിച്ചിട്ടും കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ് ലഭിക്കാൻ അനിവാര്യമായ വേബ്രിഡ്ജ് സ്ഥാപിക്കാനുള്ള ടെണ്ടർ ഇതുവരെ ക്ഷണിച്ചില്ല.
വിഴിഞ്ഞം തുറമുഖം അടക്കമുള്ള വിപുലമായ സാധ്യതകൾ മുന്നിൽ നിൽക്കുമ്പോഴാണ് കൊല്ലം തുറമുഖം ഇപ്പോഴും വികസനം ഇല്ലാതെ കിടക്കുന്നത്. കൊല്ലം തുറമുഖത്തിന് ലഭിക്കേണ്ട കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പാണ് അനുമതിക്കായി വൈകുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കൊല്ലം പോർട്ട് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസമാണ് അനുമതി നീളാൻ കാരണമെന്നാണ് റിപ്പോർട്ട്.
കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പ്
കസ്റ്റംസ് കസ്റ്റോഡിയൻഷിപ്പിനുള്ള വേബ്രിഡ്ജ് സ്ഥാപിക്കാനുള്ള നടപടി ആയില്ല. സമയനഷ്ടം ഒഴിവാക്കാൻ ടെണ്ടർ ഒഴിവാക്കാൻ തീരുമാനിച്ചു. സർക്കാർ ഏജൻസി മുഖേന കാബിൻ നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും അതും എങ്ങും എത്തിയില്ല. കൊല്ലം പോർട്ടിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിൽ കേരള മാരിടൈം ബോർഡിലെ ഉദ്യോഗസ്ഥരും അസംതൃപ്തിയിലാണ്. കണ്ടെയ്നർ ഫ്രെയിറ്റ് സ്റ്റേഷന് കരാറൊപ്പിട്ടിട്ട് ഒരു വർഷം കഴിഞ്ഞു.
ആവശ്യമായ സൗകര്യങ്ങളെക്കുറിച്ച് മാസങ്ങളോളം ചിന്തിച്ചില്ലെന്നുമാണ് പരാതി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കായി ക്യാബിൻ നിർമ്മിക്കുക, ഗോഡൗൺ നവീകരിക്കുക, കസ്റ്റംസ് ക്ലിയറൻസിനുള്ള ഇലക്ട്രോണിക് ഡാറ്റാ ഇന്റർചേഞ്ച് സംവിധാനത്തിന് ആവശ്യമായ അതിവേഗ സുരക്ഷിത ഇന്റർനെറ്റ് കണക്ഷനായ ലീസ് ലൈൻ സ്ഥാപിക്കുക തുടങ്ങിയ നിർദേശങ്ങളും നടപ്പാക്കാനുണ്ട്. വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ചെയ്യേണ്ട ചരക്കുകൾ കൊല്ലത്ത് എത്തിച്ച് സംഭരിച്ച് പിന്നീട് കണ്ടെയ്നറുകളിൽ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകുന്നതായിരുന്നു പദ്ധതി. ഇതാണ് പ്രതിസന്ധിയിലായത്. കസ്റ്റംസ് അനുമതി വൈകിയാൽ ഈ അവസരം നഷ്ടപ്പെടുകയും ചരക്കുകൾ പഴയതുപോലെ തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്തേക്ക് പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നാണ് ആശങ്ക. പോർട്ട് ഓഫീസർ ഇടയ്ക്കിടെ മാറുന്നുതും പ്രശ്നങ്ങൾക്ക് കാരണമാണ്.
