കിഫ്ബി വഴി ഊരാളുങ്കലിലേക്ക് അന്വേഷണം വരുമ്പോൾ പദ്ധതി നടത്തിപ്പും പ്രതിസന്ധിയിലാകുമോ?
ഊരാളുങ്കൽ സൊസൈറ്റിക്ക് കിഫ്ബിയിൽ നിന്നു ലഭിച്ചത് 218 പദ്ധതികളാണ്. അതിൻറെ ആകെ മൂല്യം (GST ഉൾപ്പെടെ) ₹57,77,78,88,943.18 രൂപയാണ്. അതായത് 5,777.79 കോടി രൂപ. 218 പദ്ധതികളിൽ 114 എണ്ണം അഥവാ 52.29 ശതമാനം പൂർത്തിയായി. 88 അഥവാ 40.37 ശതമാനത്തിൻറെ പണി നടന്നുകൊണ്ടിരിക്കുന്നു. ഒരു പദ്ധതി പണി തീരുംമുൻപ് നിർത്തിവച്ചു. മയ്യഴിപ്പുഴയിൽ നിർമിക്കാനിരുന്ന കിടഞ്ഞി തുരുത്തിമുക്ക് പാലമാണ് പാതിയിൽ ഉപേക്ഷിച്ചത്. മറ്റൊരു പദ്ധതി പൂർണമായി ഉപേക്ഷിച്ചു. കോലിച്ചാൽ-ചെറുപുഴ റോഡാണ് എന്നേക്കുമായി ഉപേക്ഷിച്ചത്. കൂത്തുപറമ്പ് ഗവ ഹർസെക്കൻഡറി സ്കൂളിലും വടക്കാറ പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലും നടപ്പാക്കാനിരുന്ന വികസന പദ്ധതികളും ഉപേക്ഷിച്ചു.
11 പദ്ധതികൾക്ക് പണം അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയില്ല. തലശ്ശേരി ഹെറിറ്റേജ് പ്രൊജക്ട് ഒന്നും രണ്ടും ഘട്ടം, തിരുനാവായ-തവനൂർ പാലം, കരുമാലൂർ-കുന്നുകര പഞ്ചായത്തുകൾക്കുള്ള ജലവിതരണ പദ്ധതി, കൊട്ടാരക്കര നഗരസഭയ്ക്കുള്ള ഓഫീസ് നിർമാണം, കൊല്ലം കൊന്നയിൽ പാലം, തൃശൂർ ഗവ. എൻജിനിയറിങ് കോളജിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ഹരിപ്പാട് നഗരസഭയ്ക്കുള്ള വാതക ക്രിമറ്റോറിയം, മങ്കട ഗവ. ആർട്സ് കോളജ് വികസന പദ്ധതി, മലയോര ഹൈവേയുടെ ഭാഗമായി ചവറമൂഴി പാലം, മണിമല പുഴയിൽ പാറക്കടവ് പാലം എന്നിവയാണ് പണം അനുവദിച്ചിട്ടും നിർമാണം ആരംഭിക്കാത്ത പദ്ധതികൾ.
കിഫ്ബിക്ക് പണം വന്ന വഴികൾ
എവിടെ നിന്നാണ് കിഫ്ബിക്ക് ഇതിനു മാത്രം പണം? സംസ്ഥാന സർക്കാരിന് കിട്ടാത്ത വായ്പ കിഫ്ബിക്ക് എങ്ങനെ കിട്ടുന്നു? ഇക്കാണായ റോഡും പാലവും സ്കൂളും ആശുപത്രികളുമൊക്കെ എങ്ങനെ പണിതുകൂട്ടുന്നു? മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത ഈ വഴി, നേർവഴി തന്നെയാണോ? എന്തുകൊണ്ട് കിഫ്ബി വേണ്ടി വന്നു? സംസ്ഥാന സർക്കാർ തന്നെ നേരിട്ട് ചെയ്താൽ മതിയാകുമായിരുന്നില്ലേ?
1980ൽ കേരളം മൊത്തം ബജറ്റിൻറെ 45.7 ശതമാനം തുകയും ചെലവഴിച്ചിരുന്നത് സാമൂഹിക മേഖലയിലാണ്. അന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ എല്ലാം ശരാശരി 29.8 ശതമാനം മാത്രമായിരുന്നു. സാമൂഹിക മേഖലയിൽ, എന്നുപറഞ്ഞാൽ, ആശുപത്രികൾക്കും സ്കൂളുകൾക്കുമൊക്കെയായി നമ്മൾ ചെലവഴിച്ചിരുന്ന ആ തുകയാണ് നമ്മളെ ഇവിടെ എത്തിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യവിദ്യാഭ്യാസ സൂചികകളിൽ നമ്മൾ എത്തിയത് അങ്ങനെ ചെലവഴിച്ച ആ പണം കൊണ്ടാണ്. എല്ലാത്തിനും ഒരു കാരണം ഉണ്ട് എന്നു പറയുന്നത് ഇതുകൊണ്ടാണ്. എങ്കിൽ പിന്നീട് എന്തുസംഭവിച്ചു.
ജിഎസ്ഡിപിയുടെ 1.35% മാത്രം മൂലധന ചെലവ് വഹിക്കേണ്ട സംസ്ഥാനമായി കേരളം മാറി. മൊത്തം ആഭ്യന്തര ഉത്പാദനത്തിൻറെ 1.35 ശതമാനം മാത്രമാണ് അസറ്റ് ഉണ്ടാക്കാൻ, അഥവാ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കാൻ ചെലവഴിക്കാൻ കഴിയുന്നുള്ളൂ. അങ്ങനെ തുക കുറഞ്ഞാൽ നമ്മൾ ചെന്നു വീഴുക പഴയ ഇരുണ്ട യുഗത്തിലാകും. നമ്മുടെ തലമുറകൾക്ക് പഠനം നടത്താൻ കഴിയാതെ വരും. ആശുപത്രികൾ തകരും. അത്തരമൊരു സാഹചര്യത്തിൽ കണ്ടെത്തിയ ബദലാണ് കിഫ്ബി എന്നാണ് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞിരുന്നത്.
മുടക്കിയ 2498 കോടി എവിടെ?
ജിഎസ്ഡിപിയുടെ 3 ശതമാനം മാത്രമെ നമുക്ക് കമ്മി ഉണ്ടാകാൻ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. അങ്ങനെ കമ്മി പിടിച്ചു നിർത്തണമെങ്കിൽ നമ്മുടെ എല്ലാ പദ്ധതിച്ചെലവുകളും ഉപേക്ഷിക്കേണ്ടി വരും. കേന്ദ്രാവിഷ്കൃത പദ്ധതികളിൽ സംസ്ഥാന വിഹിതം നേരത്തെ 25 ശതമാനം മാത്രമായിരുന്നു. ഇപ്പോൾ നാൽപ്പതു ശതമാനമാക്കി. എന്നു പറഞ്ഞാൽ 100 രൂപയുടെ പദ്ധതിക്ക് സംസ്ഥാനം 40 രൂപ കണ്ടെത്തണം എന്ന് അർത്ഥം. ഈ സാഹചര്യത്തിൽ കിഫ്ബിയെ ആശ്രയിച്ചു എന്നാണ് വാദം. കിഫ്ബി തുടങ്ങാൻ സംസ്ഥാന സർക്കാർ ഇറക്കിയത് 2498 കോടി രൂപയാണ്. സീഡ് ഫണ്ട് എന്ന് പറയും. കിഫ്ബിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള തുക. പിന്നെ എല്ലാ പദ്ധതിക്കും സംസ്ഥാനം ഗ്യാരൻറി നിൽക്കുന്നുണ്ട്. കിഫ്ബിയുടെ പണം കിഫ്ബി തിരിച്ചടച്ചില്ലെങ്കിൽ സംസ്ഥാനം അടയ്ക്കേണ്ടി വരും എന്നതാണ് ആ ബാധ്യത.
2030-31 ആകുമ്പോഴേക്കും 98,355 കോടി രൂപയുടെ വരുമാനം കിഫ്ബിക്കു ലഭിക്കും എന്നാണ് അന്നത്തെ സർക്കാർ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനെ അറിയിച്ചത്. ആ വർഷം വരെ തിരിച്ചടയ്ക്കേണ്ടി വരുന്നത് 89,783 കോടി രൂപ മാത്രവുമാണെന്നാണ് പറഞ്ഞിരുന്നത്.
തിരിച്ചടവും ബാധ്യതകളും
2016ൽ നമ്മുടെ മോട്ടോർ വാഹന നികുതിയുടെ 10 ശതമാനം ആണ് കിഫ്ബിക്കായി നീക്കിവച്ചത്. ഓരോ വർഷവും 10 ശതമാനം വീതം കൂട്ടി. അങ്ങനെ 2020 ആയപ്പോഴേക്കും 50 ശതമാനം നീക്കിവയ്ക്കാൻ തുടങ്ങി. ഇതിനുപുറമെ ഇന്ധന സെസും ഉണ്ട്. ഇതു രണ്ടും ചേർന്ന തുകയാണ് കിഫ്ബിക്ക് നൽകുന്നത്. പലിശയും മുതലും തിരിച്ചടയ്ക്കാൻ ഈ തുകയാണ് കിഫ്ബി ഉപയോഗിക്കുന്നത്. പക്ഷേ ഈ തുക ആവശ്യത്തിന് തികയും എന്ന കണക്ക് സിഎജി തള്ളിയിരുന്നു. സംസ്ഥാനം കൂടുതൽ തുക കണ്ടെത്താതെ മുന്നോട്ടുപോകാൻ കഴിയില്ല എന്നാണ് സിഎജി പറഞ്ഞത്. മാത്രമല്ല കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിൻറെ കടമെടുപ്പ് പരിധിയിൽ വന്നതോടെ വലിയ നഷ്ടവും സംഭവിച്ചു.
1,10,000 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി വഴി അംഗീകരിച്ചിരുന്നത്. ഇതു മുഴുവൻ വായ്പയാണ്. ഏറെയും പൊതുമേഖലാ ബാങ്കുകളിൽ നിന്നാണ്. ദീർഘകാല വായ്പകളും ഹ്രസ്വകാല വായ്പകളും ഇതിലുണ്ട്. ഇതു കൂടാതെ പ്രവാസി ചിട്ടിവഴി 443 കോടി സമാഹരിച്ചു. പ്രവാസി ഡിവിഡൻഡ് സ്കീം വഴി 162 കോടിയും സമാഹരിച്ചു. 1654 പ്രവാസി നിക്ഷേപകരാണ് ഈ തുക നൽകിയത്. സർക്കാരിന് എട്ടുശതമാനത്തിൽ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുമ്പോൾ കിഫ്ബിയുടെ കടമെടുപ്പ് ഒൻപതര ശതമാനത്തിനു മുകളിലാണ്. ബാങ്ക് വായ്പകൾ 8.95 ശതമാനം പലിശയ്ക്ക് ആണ് ആദ്യകാലത്ത് എടുത്തത്. മസാല ബോണ്ടുകൾ വാങ്ങിയത് 9.72 ശതമാനം പലിശയ്ക്കും. 2150 കോടി രൂപ ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ നിന്ന് മസാല ബോണ്ട് വഴി സമാഹരിച്ചിരുന്നു.
ഊരാളുങ്കലിലേക്ക് അന്വേഷണം നീങ്ങുമ്പോൾ കിഫ്ബി പദ്ധതി നടത്തിപ്പിലും അന്വേഷണം വരും. 218 പദ്ധതികളിൽ പലതും ഊരാളുങ്കലിന് ലഭിച്ചത് ടെൻഡർ ഇല്ലാതെയാണെന്ന് ആരോപണമുണ്ട്. പല പദ്ധതികളിലും ഊരാളുങ്കൽ മാത്രമായിരുന്നു അപേക്ഷകർ. സമാന്തരമായി ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിച്ച് ഇഷ്ടക്കാർക്ക് പണമെത്തിച്ചു കൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. ഈ ആരോപണമാണ് സർക്കാർ അന്വേഷിക്കുന്നത്.
