46 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഡിവൈഎഫ്ഐ കേരള സംസ്ഥാന കമ്മിറ്റിക്ക് വനിതാ പ്രസിഡന്റ്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ യുവജന കമ്മീഷൻ ചെയർപേഴ്സണുമായ ചിന്ത ജെറോമിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. കല്യാശ്ശേരി എംഎൽഎ എം. വിജിൻ സെക്രട്ടറിയായും ആർ. രാഹുൽ ട്രഷററായും ചുമതലയേൽക്കും.തൃശൂരിൽ നടന്ന ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ചിന്ത ജെറോം, എം. വിജിൻ, ആർ. രാഹുൽ എന്നിവരെ പ്രതിനിധികൾ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തത്.ബാലസംഘം സംസ്ഥാന സെക്രട്ടറി, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള നേതാവാണ് എം. വിജിൻ. സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ആർ. രാഹുൽ മുൻ എസ്എഫ്ഐ നേതാവും നിലവിലെ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
92 അംഗ സംസ്ഥാന കമ്മിറ്റിയെയും 25 അംഗ സെക്രട്ടറിയേറ്റിനെയുമാണ് സമ്മേളനം തെരഞ്ഞെടുത്തത്. പുതിയ കമ്മിറ്റിയിൽ 24 വനിതകളും എൽജിബിടിക്യു വിഭാഗത്തിൽ നിന്നുള്ള ഒരു പ്രതിനിധിയും ഉൾപ്പെടുന്നു.നാല് ദിവസത്തെ സമ്മേളനത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. കാലഘട്ടത്തിനനുസരിച്ച് യുവത്വത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സംഘടനയെ മുന്നോട്ടുകൊണ്ടുപോകുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി. 40 വയസ്സ് എന്ന പ്രായപരിധി പാലിച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
