തൃശൂരിന്റെ സാംസ്കാരിക പാരമ്പര്യമായ പുലിക്കളിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ. പുലിക്കളി ‘വൈകൃത കലാരൂപമാണെന്നും കണ്ടാൽ ഓക്കാനം വരുമെന്നും’ പരാമർശിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് വിവാദമായത്.
പുരുഷന്മാർക്ക് വയറും മാറും വളരുന്നത് രൂപവൈകൃതമാണെന്നും, ഈ വൈകൃതത്തെ കലയ്ക്കായി ഉപയോഗിക്കുന്നത് ആഭാസമാണെന്നുമായിരുന്നു വി.കെ. ശ്രീരാമന്റെ കുറിപ്പ്. നൂറുകണക്കിന് വർഷമായി തൃശൂരിന്റെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമായ പുലിക്കളിക്കെതിരായ പരാമർശത്തിൽ പുലിക്കളി സംഘങ്ങളും കലാകാരന്മാരും പ്രതിഷേധവുമായി രംഗത്തെത്തി.
വിവാദ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് പുലിക്കളി സംഘങ്ങളുടെ ആവശ്യം. എന്നാൽ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വി.കെ. ശ്രീരാമൻ എന്നാണ് സംഘങ്ങളുടെ ആരോപണം.ഇതോടെ ശ്രീരാമനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് പുലിക്കളി സംഘങ്ങൾ. വിവാദങ്ങൾക്കിടെ ഈ മാസം 29നാണ് തൃശൂരിൽ പുലിക്കളി അരങ്ങേറുന്നത്.
