പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലി നിലപാട് കടുപ്പിച്ച് സിപിഐ. പുതിയ സാഹചര്യത്തിൽ പദവികൾ പങ്കുവയ്ക്കണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാട്. ജനങ്ങളേക്കാൾ വലുതാണ് നേതാവെന്ന് ചിന്തിച്ചാൽ ജനം അത് അംഗീകരിക്കില്ലെന്ന വിമർശനവും എൽഡിഎഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ ബിനോയ് വിശ്വം ഉന്നയിച്ചു.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച ചർച്ച അടഞ്ഞ അധ്യായമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ നിലപാടിനിടെയാണ് സിപിഐയുടെ ആവശ്യം. നിലവിലെ സാഹചര്യത്തിൽ ഉപനേതാവ് സ്ഥാനം എൽഡിഎഫിലെ മറ്റൊരു പാർട്ടിക്ക് നൽകണമെന്നാണ് ബിനോയ് വിശ്വം പറയുന്നത്. അതിന് സിപിഐക്കാണ് അർഹതയെന്നും അദ്ദേഹം വ്യക്തമാക്കി.
പദവികൾ പങ്കുവയ്ക്കുന്നത് അധികാരത്തിന്റെയോ സ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല, സംസ്കാരത്തിന്റെ ഭാഗമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.എൽഡിഎഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയനെതിരെയും പരോക്ഷ വിമർശനം ഉന്നയിച്ച ബിനോയ് വിശ്വം, അധികാരത്തിന്റെ ഹുങ്കിൽ ജനങ്ങളെ മറന്നാൽ ജനം പൊറുക്കില്ലെന്നും ഓർമ്മിപ്പിച്ചു.എൽഡിഎഫിനുള്ളിൽ തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം അനിവാര്യമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ.
