നെഹ്റു ട്രോഫി ജലമേളയുടെ പന്തൽ, പവിലിയൻ ഉൾപ്പെടെയുള്ള കരാറുകൾ വിവാദ കമ്പനിയായ ഓസ്കാർ ഇവൻറ്സിന് നൽകാനുള്ള നീക്കം എക്സിക്യൂട്ടീവ് കമ്മിറ്റി റദ്ദാക്കി. നിലവിലെ ടെൻഡർ റദ്ദാക്കി പുതിയ ടെൻഡർ വിളിക്കാനും തീരുമാനിച്ചു.തൃക്കാക്കര എംഎൽഎ ഉമാ തോമസിന് ഗുരുതര പരിക്കേറ്റ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പരിപാടി സംഘടിപ്പിച്ച അതേ കമ്പനിക്ക് നെഹ്റു ട്രോഫിയുടെ ചുമതല നൽകാനുള്ള നീക്കം ബിഗ് ടിവി വാർത്തയാക്കിയതിന് പിന്നാലെയാണ് നടപടി.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ അറിയിക്കാതെയാണ് കമ്പനിയെ കൊണ്ടുവരാൻ ശ്രമിച്ചതെന്ന വിമർശനവും യോഗത്തിൽ ഉയർന്നു. ഇതോടെയാണ് കരാർ റദ്ദാക്കാൻ കമ്മിറ്റി തീരുമാനിച്ചത്.
ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയിൽ രാഹുൽ ഗാന്ധി വിശിഷ്ടാതിഥിയായി പങ്കെടുക്കുമെന്നാണ് വിവരം. ഉയർന്ന സുരക്ഷാ വിഭാഗത്തിൽപ്പെടുന്ന അതിഥികൾ പങ്കെടുക്കുന്ന സാഹചര്യത്തിൽ സ്റ്റേജ് നിർമ്മാണം ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന നിലപാടാണ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചിരിക്കുന്നത്.
