സംസ്ഥാനത്തെ ഒന്നാം വർഷ ഹയർസെക്കൻഡറി ക്ലാസുകളിലേക്കുള്ള രണ്ടാംഘട്ട പ്രവേശനം നാളെ ആരംഭിക്കും. നാളെ രാവിലെ 10 മണി മുതൽ മറ്റന്നാൾ വൈകിട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട സ്കൂളുകളിൽ പ്രവേശനം നേടാനാകും. അലോട്ട്മെന്റ് ലെറ്ററും ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതമാണ് സ്കൂളുകളിൽ ഹാജരാകേണ്ടത്.
ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് രണ്ടാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്റർ ആവശ്യമില്ല. അതേസമയം, തങ്ങളുടെ താഴ്ന്ന ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിച്ചവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്. താത്കാലിക പ്രവേശനത്തിന് പ്രത്യേകം ഫീസടയ്‌ക്കേണ്ടതില്ല. എന്നാൽ, അലോട്ട്‌മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം പോലും നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതല്ല.
ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിന് മുന്നോടിയായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം. ആകെ ലഭിച്ച നാല് ലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് ഇതുവരെ 2,40,568 പേർക്കാണ് സീറ്റുകൾ ലഭിച്ചത്.
