കൊല്ലം പുനലൂരിൽ പൊലീസ് സ്റ്റേഷനിൽ കയറി എസ്എച്ച്ഒയുടെ മൂക്ക് ഇടിച്ച് പരിക്കേൽപ്പിച്ചു. മറ്റൊരു പ്രതിയുടെ വിവരങ്ങൾ തിരക്കി സ്റ്റേഷനിൽ എത്തിയ വിജോയ് എന്ന യുവാവാണ് എസ്എച്ച്ഒ സന്തോഷിനെ ആക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിജോയ്.
ഇന്നലെ വൈകിട്ടാണ് സംഭവം. വാറണ്ട് കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് സജു എസ് വർഗീസിനെ അന്വേഷിച്ച് എത്തിയതാണ് വിജോയ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എച്ച്ഒയിൽ നിന്ന് തേടി.സ്റ്റേഷനുള്ളിൽ വെച്ച് അസഭ്യം പറഞ്ഞ വിജോയിയോട് സ്റ്റേഷന് പുറത്ത് പോകാൻ എസ്എച്ച്ഒ സന്തോഷ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതി എസ്എച്ച്ഒ സന്തോഷിനെ മൂക്കിനിടിച്ചത്.
സംഭവത്തിന് പിന്നാലെ വിജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് വിജോയ് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് പ്രാഥമിക ചികിത്സയും നൽകി.
