സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം കോഡൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. മാതൃ,ശിശു സംരക്ഷണ കേന്ദ്രത്തിലെ ഐസിയുവിൽ ഒരു വയസുള്ള കുഞ്ഞും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇതോടെ ഈ വർഷം സംസ്ഥാനത്തെ ഷിഗെല്ല മരണം നാലായി ഉയർന്നു. ആകെ 135 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിലാണ്.
അതേസമയം, ഷിഗെല്ല രോഗം സ്ഥിരീകരിച്ച വയനാട് കോളിയാടി മാര്‍ ബസേലിയോസ് എയുപി സ്‌കൂളിന് ഈ മാസം 21 വരെ അവധി പ്രഖ്യാപിച്ചു. നെന്മേനി, നൂല്‍പ്പുഴ, അമ്പലവയല്‍ പഞ്ചായത്തുകളിലെയും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെയും വിവിധ സ്‌കൂളുകളുടെ അവധി 17 വരെയും പ്രഖ്യാപിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും ജലസ്രോതസുകള്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ഡിആര്‍ മേഘശ്രീ ഉത്തരവിട്ടിട്ടുണ്ട്. അംഗീകൃത എന്‍എബി ലാബുകളില്‍ പരിശോധന നടത്താനും നിര്‍ദേശമുണ്ട്.
