ജമാഅത്തെ ഇസ്ലാമിയുടെയും മുജാഹിദ് വിഭാഗത്തിന്റെയും ആശയധാരകൾക്കെതിരെ സംസ്ഥാനവ്യാപക ആദർശ ക്യാമ്പയിനുമായി സമസ്ത. പൊതുസമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന പ്രവണതകൾ തുറന്നുകാട്ടുകയാണ് ക്യാമ്പയിന്റെ ലക്ഷ്യമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു.സമസ്ത മദ്രസ അധ്യാപക സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനിലൂടെ മഹല്ലുകളിലും പള്ളികളിലും കുടുംബങ്ങളിലുമെത്തി പ്രചാരണം നടത്തും. ഇന്ത്യൻ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം അപകടകരമാണെന്നും അതിനെതിരെ ബോധവത്കരണം ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു.
മുസ്ലിം സമൂഹത്തെ മറ്റ് മതവിഭാഗങ്ങൾ സംശയത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിച്ചതിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന ഗുരുതര വിമർശനവും സമസ്ത നേതൃത്വം ഉന്നയിച്ചു. മഹല്ലുകളിലും പള്ളികളിലും സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കുന്നത് സമസ്തയുടെ ഉത്തരവാദിത്തമാണെന്നും അവർ വ്യക്തമാക്കി.അതേസമയം, ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും യു.ഡി.എഫുമായി രാഷ്ട്രീയ അടുപ്പം വർധിപ്പിക്കുന്ന സാഹചര്യത്തിലാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്. മേഖലാ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, കുടുംബസംഗമങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.
