എറണാകുളം മലയിടംതുരുത്തിലെ പ്രശ്ന പരിഹാര സാധ്യത മങ്ങുന്നു. ഉന്നതിയിലെ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള മന്ത്രിതല ചർച്ചയിൽ നിന്ന് ശങ്കരൻ നായരുടെ കുടുംബം പിന്മാറി. ഉന്നതിയിലെ കുടുംബങ്ങളെ കയ്യൊഴിയുന്ന നിലപാടാണ് മന്ത്രി സ്വീകരിക്കുന്നതെന്ന് ആരോപിച്ച് സമരസമിതിയും രംഗത്തെത്തി. എന്നാൽ ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്യണമെന്ന് മന്ത്രി റോജി എം ജോൺ പ്രതികരിച്ചു.
ഉന്നതിയിലെ കുടുംബങ്ങൾക്ക് ഭൂമി ശങ്കരൻ നായരുടെ കുടുംബം നൽകും. അവിടെ സർക്കാർ വീട് വെച്ച് നൽകും. ഇതായിരുന്നു ചർച്ചയിലെ നിർദേശം. പക്ഷേ ഉന്നതിയിലെ പല കുടുംബങ്ങൾക്കും വിവിധയിടങ്ങളിൽ ഭൂമിയുണ്ടെന്ന് ആരോപിച്ച് ശങ്കരൻ നായരുടെ കുടുംബം രംഗത്തെത്തി. ഇക്കാര്യം റവന്യൂ രേഖകൾ പരിശോധിച്ച് ജില്ലാ കലക്ടർ വ്യക്തത വരുത്തണമെന്നും അതുവരെ ചർച്ചയിൽ പങ്കെടുക്കില്ല എന്നുമാണ് നിലപാട്. ഇതിനിടെ ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന മന്ത്രിക്കെതിരെ സമരസമിതി രംഗത്തെത്തി. കോടതി നിശ്ചയിച്ച സമയപരിധി കഴിഞ്ഞ് പൊലീസിന് ഉപയോഗിച്ച് കുടുംബത്തെ ഇറക്കിവിടാനാണ് നീക്കമെന്ന് സമരസമിതി ആരോപിച്ചു.
എന്നാൽ എല്ലാവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും പ്രശ്നം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. എന്തായാലും ഈ മാസം 16നാണ് വിഷയത്തിൽ അന്തിമ നിലപാട് ഹൈക്കോടതിയിൽ വ്യക്തമാക്കേണ്ടത്.
