ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ഡോ.കെ ജെ റീന. 15 ദിവസത്തെ അവധി ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഡോ.കെ ജെ റീന പറയുന്നത്. ഉത്തരവ് കണ്ട് താൻ ഷോക്കായി പോയെന്നും മുൻ ഡി എച്ച് എസ് പറഞ്ഞു. അതേസമയം മൂന്ന് വർഷം കാലാവധി തികച്ചതിനാലാണ് മാറ്റം നൽകിയത് എന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
തീരെ സുഖമില്ലാത്തതിനാൽ രണ്ട് ദിവസത്തെ അവധി ആണ് ചോദിച്ചത്. അതിന് 15 ദിവസമായി വ്യാഖ്യാനിച്ച് തന്നെ സ്ഥലം മാറ്റിയത് ശരിയല്ല. 30 വർഷത്തെ സർവീസുള്ള ഒരു സ്ത്രീയോട് ഇങ്ങനെ കാണിക്കുന്നത് ശരിയാണോ എന്നും മുൻ ഡിഎച്ച് എസ് ഡോ.കെ ജെ റീന ചോദിക്കുന്നു. എന്നാൽ അവധി എടുത്തതിനല്ല മാറ്റം എന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്. ശബരിമല ഡ്യൂട്ടിക്ക് ഡോക്ടർമാരെ നൽകാൻ കഴിയില്ലെന്നുള്ള കത്ത്, മാറ്റത്തിന് കാരണമായി എന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് ഡയറക്ടർ ആക്കി നിയമിച്ച ഡോ.കെ ജെ റീനയെ മാറ്റിയ ശേഷം നിലവിലെ അഡീഷണൽ ഡയറക്ടർ ഡോ.വി മീനാക്ഷിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ഉടൻ തന്നെ പാനൽ രൂപീകരിച്ച പുതിയ ഡിഎച്ച്എസിനെ നിയമിക്കാനുള്ള നടപടികൾക്കും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
