ശ്രീറാം വെങ്കിട്ടരാമന്റെ സഹോദരി ഡോ.ലക്ഷ്മി വെങ്കിട്ടരാമനെ ആരോഗ്യവകുപ്പിൽ നിലനിർത്താൻ വഴിവിട്ട നീക്കവുമായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. നിലവിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലക്ഷ്മിക്ക് കാലാവധി നീട്ടി കൊടുക്കുന്നതിന്റെ ഭാഗമായി കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിൽ പരിശീലനം നൽകണമെന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എൻ എച്ച് എമ്മിന് കത്ത് നൽകി. കത്തിന്റെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഡോ.ലക്ഷ്മി വെങ്കിട്ടരാമൻ എറണാകുളം ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ഇഎൻടി സർജനായി ജോലി ചെയ്തുവരികയാണ്. കരാർ കാലാവധി അവസാനിച്ച് പുറത്തേക്ക് പോകാൻ ഇരിക്കെയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ സഹായഹസ്തം. ലക്ഷ്മിയെ വകുപ്പിൽ നിലനിർത്തണമെങ്കിൽ സർക്കാർ കനിയണം. അതിനുവേണ്ടി കുറുക്കുവഴി തേടുകയാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി. എൻ എച്ച് എം വഴി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഡോ.ലക്ഷ്മിക്ക് കോക്ലിയാർ ഇംപ്ലാന്റേഷൻ സർജറിയിൽ സർക്കാർ ചെലവിൽ പരിശീലനം നൽകണമെന്നാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ ആവശ്യം. പരിശീലനം നേടിക്കഴിഞ്ഞാൽ വകുപ്പിൽ നിന്ന് പോകുന്നില്ല എന്ന് ഉറപ്പാക്കാൻ മൂന്ന് വർഷത്തെ ബോണ്ട് കൂടി വാങ്ങണം എന്നുള്ള വിചിത്ര വാദവും ഉണ്ട്.
അതായത് സർക്കാർ ചെലവിൽ പരിശീലനം നൽകുന്നു, അതിനുശേഷം മൂന്ന് വർഷം കൂടി സർവീസ് നീട്ടി നൽകുന്നു. നിലവിൽ യോഗ്യരായ നിരവധി ഇഎൻടി സർജൻമാർ സർവീസിൽ തന്നെ ഉള്ളപ്പോഴാണ് ലക്ഷ്മി വെങ്കിട്ടരാമനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ വഴിവിട്ട നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അരുൺ എസ് നായർ ഐഎഎസ് എൻഎച്ച് എം ഡയറക്ടർക്ക് കത്ത് നൽകി.. സർവീസിലുള്ള ഡോക്ടർമാരെ തഴഞ്ഞുകൊണ്ടുള്ള സ്റ്റേറ്റ് ഏജൻസിയുടെ ഈ നീക്കത്തിൽ ഡോക്ടർമാർക്ക് അടക്കം വലിയ പ്രതിഷേധവുമുണ്ട്. എന്നാൽ കത്തിൽ തീരുമാനമെടുത്തിട്ടില്ല എന്നാണ് ആരോഗ്യമന്ത്രിയുടെ നിലപാട്
