സ്ത്രീകൾക്കും ട്രാൻസ്ജെൻഡർമാർക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി തിങ്കളാഴ്ച മുതൽ ആരംഭിക്കും. രാവിലെ 8.30ന് തമ്പാനൂർ ബസ് ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും.തമ്പാനൂരിൽ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് പദ്ധതിയുടെ ആദ്യ സർവീസ്. സംസ്ഥാനത്തെ ആദ്യ കെഎസ്ആർടിസി വനിതാ ബസ് ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന സർവീസിന് നേതൃത്വം നൽകുക. മുഖ്യമന്ത്രിയും മന്ത്രിമാരും വനിതകളും കുട്ടികളും ഉദ്ഘാടന യാത്രയുടെ ഭാഗമാകും.ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഗതാഗത മന്ത്രി സിപി ജോൺ അറിയിച്ചു.
കെഎസ്ആർടിസിയുടെ 3125 ഓർഡിനറി ബസുകളിലാണ് സൗജന്യ യാത്ര നടത്താനാവുക. 2900 ഓർഡിനറി ഷെഡ്യൂളുകളാണ് പ്രതിദിനം സംസ്ഥാനത്തുള്ളത്. സൗജന്യ യാത്രയുള്ള ബസുകളിൽ പദ്ധതിയുടെ സ്‌റ്റിക്കർ പതിക്കും. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് കെഎസ്ആർടിസി കൺസഷൻ ടിക്കറ്റ് ആവശ്യമില്ല. അതേസമയം ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ നൽകുന്ന സൗജന്യ ടിക്കറ്റിൽ മലയാളത്തിൽ കൂടി പ്രിയദർശിനി എന്ന് രേഖപ്പെടുത്തും.
