കെ.സി വേണുഗോപാലിന്റെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കണ്ണൂരിലും ചർച്ച സജീവം. കെസിയെ മത്സരിപ്പിക്കാൻ ഇരിക്കൂർ ഒരുക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കരുതെന്നാണ് മറ്റ് ചില നേതാക്കളുടെ നിലപാട്. ഹൈക്കമാൻഡ് പറഞ്ഞാൽ പൂർണമായി സഹകരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് നിലപാടെടുത്തു.
അധികാരത്തിൽ തിരിച്ചെത്തിയാൽ, കെസിയാണ് മുഖ്യമന്ത്രിയെങ്കിൽ ഇരിക്കൂറിൽ മത്സരിപ്പിക്കണമെന്നതാണ് ചൂടൻ ചർച്ച. കണ്ണൂർ കെസിയുടെ നാടാണെന്നതും ഇരിക്കൂർ കോൺഗ്രസ് കോട്ടയാണെന്നതുമാണ് അനുകൂലമായി പറയുന്നത്. മേയ് 4 വരെ കാത്തിരിക്കാതെ പാർട്ടിയിൽ നീക്കം തുടങ്ങിയിട്ടുണ്ട്. സുധാകരന്റെ സ്വാധീനവും പിന്നിലുണ്ട്. എന്നാൽ, ഇരിക്കൂർ പറഞ്ഞുള്ള തർക്കം ഇപ്പോഴില്ലാണ് മാർട്ടിൻ ജോർജ് പറയുന്നത്.
ഇരിക്കൂറല്ലെങ്കിൽ ആലപ്പുഴ എന്നാണ് കെസിയുടെ മുന്നിലെ ഓപ്ഷൻ. വിജയസാധ്യത കുറവായതിനാൽ ആലപ്പുഴക്ക് ടിക്കറ്റെടുത്ത് പരീക്ഷിക്കേണ്ടതില്ലെന്നും കെസി ക്യാമ്പ് നിരീക്ഷിക്കുന്നു. നിലവിലെ എംഎൽഎ സജീവ് ജോസഫ് തന്നെയാണ് ഇത്തവണയും ഇരിക്കൂറിൽ ജനവിധി തേടിയത്. കാര്യങ്ങൾ കെസിക്ക് അനുകൂലമായാൽ മണ്ഡലം ഒഴിഞ്ഞു കൊടുക്കുമോ എന്നത് അവ്യക്തമാണ്. രാജ്യസഭാ സീറ്റോ ബോർഡ് ചെയർമാൻഷിപ്പോ സജീവ് ജോസഫിന് ഓഫർ ചെയ്ത് രമ്യതയിലെത്തിക്കാനാണ് നീക്കം. മേയ് 4 ന് ഫലം വരുന്നതോടെയാകും പരസ്യചർച്ചകൾ. ഏതായാലും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പോലെ മണ്ഡലം തീരുമാനിക്കുന്നതും സങ്കീർണമാകും എന്നുറപ്പ്.
