2026ലെ എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം നാളെ വൈകീട്ട് 3 മണിക്ക്.പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് പ്രഖ്യാപനം നടത്തുക. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. 3.30 മുതൽ വെബ്സൈറ്റുകളിലും സംസ്ഥാന ഐടി മിഷന്റെ 9188619958 എന്ന വാട്സാപ് നമ്പർ മുഖാന്തരവും നമ്മുടെ കേരളം മൊബൈൽ ആപ്പിലും ഫലമറിയാം.
കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,16,864 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതിയത്. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ 633 കുട്ടികൾക്ക് എസ്എസ്എൽസി പരീക്ഷ നടത്താൻ കഴിഞ്ഞിരുന്നില്ല. ഇവർക്ക് മോഡൽ പരീക്ഷയുടെ മാർക്ക് മാനദണ്ഡമാക്കി നിശ്ചിത ശതമാനം ഗ്രേസ് മാർക്കുകൂടി ഉൾപ്പെടുത്തിയാകും ഫലം പ്രഖ്യാപിക്കുക.
