തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട സീസണിലെ ആദ്യ ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കേരളത്തിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയും ചില ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരാനാണ് സാധ്യത.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. മലയോര മേഖലകൾക്ക് പുറമെ തീരദേശ മേഖലയിലും മുന്നറിയിപ്പുണ്ട്.കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നു. നാദാപുരം കല്ലാച്ചിയിൽ കടകളിലും സപ്ലൈകോ ഗോഡൗണിലും വെള്ളം കയറി.നരികുനിയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്നു.
