ഇറാനിൽ വെടിനിർത്തലിനിടെ ഡോണൾഡ് ട്രംപിന്‍റെ യുദ്ധ പ്രഖ്യാപനം. ഹോർമുസിൽ കടൽബോംബുകൾ പാകുന്ന ബോട്ടുകളിലുള്ളവരെ വെടിവച്ചു കൊല്ലാൻ നാവികസേനയ്ക്ക് നിർദേശം നൽകി. തൊട്ടുപിന്നാലെ ഇറാനിൽ നിന്ന് എണ്ണയുമായി വന്ന കപ്പൽ അമേരിക്കൻ സൈനികർ കയ്യേറി. യുദ്ധം വീണ്ടും തുടങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ ആഗോള എണ്ണവില വീണ്ടും കുതിച്ചുയർന്നു.
ഇറാനിൽ നിന്ന് ഉപരോധം ലംഘിച്ചു വന്ന കപ്പലാണ് അമേരിക്കൻ സംഘം കീഴടക്കിയത്. കപ്പലിൽ കയറിയ സൈനികർ നിയന്ത്രണം ഏറ്റെടുത്തു. ഹോർമുസിൽ ഇറാൻ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ തിരിച്ചടി. ഹോർമുസ് വഴിയുള്ള കപ്പൽ യാത്രയുടെ ഏറ്റവും വലിയ ഭീഷണി കടൽ ബോംബുകളാണ്. ഹോർമുസിൽ ഉടനീളം ഇറാൻ ഇത്തരം മൈനുകൾ പാകുകയാണ്. ഇവ നീക്കം ചെയ്യാൻ തന്നെ ആറുമാസം സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. മൈനുകൾ പാകുന്ന ബോട്ടുകൾ തന്നെയാണ് കപ്പലുകൾക്കു നേരെ നിറയൊഴിക്കുന്നതും. ഈ ബോട്ടുകളെ വെടിവയ്ക്കാനാണ് ഇപ്പോൾ ട്രംപ് നിർദേശിച്ചിരിക്കുന്നത്.
ഹോർമുസിലെ കപ്പൽ യുദ്ധം ഏറെ ഗുരുതരമായി ബാധിക്കുന്നത് ആഗോള ചരക്കു നീക്കത്തെയാണ്. ഇന്ന് ഹോർമുസ് വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇറാന് ഇന്ന് ആദ്യമായി ഹോർമുസിൽ നിന്ന് ടോൾ ലഭിച്ചതായും റിപ്പോർട്ടുണ്ട്. ലഭിച്ച പണം കേന്ദ്ര ട്രഷറിയിൽ നിക്ഷേപിച്ചു എന്ന വാർത്താക്കുറിപ്പല്ലാതെ എത്ര തുകയാണ് പിരിച്ചതെന്നോ ആരാണ് നൽകിയതെന്നോ പറയുന്നില്ല. ഇപ്പോഴത്തെ നീക്കങ്ങൾ എണ്ണവിലയിലാണ് ആദ്യം പ്രതിഫലിച്ചത്. 90 ഡോളറിൽ നിന്ന് വില വീണ്ടും 105 ഡോളറിലേക്ക് ഉയർന്നു. ആഗോള വില ഉയർന്നാലും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ വർദ്ധിപ്പിക്കില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
മൂന്ന് കപ്പലുകളെയാണ് ഇറാൻ ഇന്നലെ ആക്രമിച്ചത്. ലൈബീരിയയുടെ പതാകപേറിയ എപ്പാമിനോഡസ്, പനമയുടെ പതാക പേറുന്ന ഫ്രാൻസെസ്ക, ഗ്രീക്ക് പതാക പേറുന്ന യൂഫോറിയ. ഇതിൽ ലൈബീരിയയുടെ പതാക പേറുന്ന എപ്പാമിനോഡസ് ഇന്ത്യയിലേക്കുള്ള യാത്രയിലായിരുന്നു. ദുബായിയിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കായിരുന്നു യാത്ര. ഹോർമുസ് കടലിടുക്കിലേക്ക് പ്രവേശിക്കുമ്പോഴാണ് മൂന്നു കപ്പലുകളും ആക്രമിക്കപ്പെട്ടത്.
