കുട്ടികൾക്ക് സ്കൂളിൽ നൽകുന്ന ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട നീക്കം ചെയ്യുമെന്ന് പശ്ചിമ ബംഗാൾ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. അധികാരത്തിൽ വന്ന ബിജെപി സർക്കാർ ബ്രാഹ്മണിസം നടപ്പാക്കുകയാണെന്നാണ് ആരോപണം ഉയരുന്നത്. ശുദ്ധ വെജിറ്റേറിയൻ വാദം ബംഗാളിലും ഉയർത്തുന്നതിന്‍റെ ഭാഗമായാണ് നീക്കം എന്നു പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുന്നതിന്‍റെ ഭാഗമാണ് നീക്കമെന്നാണ് ബിജെപി വിശദീകരിക്കുന്നത്.ധനമന്ത്രി സ്വപൻ ദാസ് ഗുപ്ത അവതരിപ്പിച്ച ബജറ്റിലാണ് ഉച്ചഭക്ഷണത്തിലെ മാറ്റം പ്രഖ്യാപിച്ചത്. ഇന്‍റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യൻസ് (ഇസ്കോൺ) എന്ന സംഘടന തയ്യാറാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുക എന്നായിരുന്നു പ്രഖ്യാപനം. കൊൽക്കത്തിയിലെ 1800 സ്കൂളുകളിലാണ് തുടക്കത്തിൽ ഇങ്ങനെ ഭക്ഷണം നൽകുന്നത്. ഇസ്കോൺ വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകുന്ന ഏജൻസിയാണ്.അതുകൊണ്ടു തന്നെ മുട്ട ഭക്ഷണത്തിന്‍റെ ഭാഗമായി ഉണ്ടാകില്ല. രാജ്മ, സോയ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണമാണ് ഇസ്കോൺ നൽകുന്നത്. ഇതാണ് വിവാദങ്ങൾക്കു കാരണം.
ബംഗാളിലെ കുട്ടികൾക്ക് സോയ ഇഷ്ടമല്ലെന്നും ഈ നീക്കം തിരിച്ചടിക്കുമെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര എം പി ആരോപിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രോട്ടീൻ കിട്ടുന്ന പ്രധാനപ്പെട്ട ഉറവിടം മുട്ടയാണ്. അതാണ് ഇല്ലാതാകുന്നത്. ഇഷ്ടമല്ലാത്ത സോയ സ്കൂളുകളിൽ എത്തിച്ചാൽ ഭക്ഷണം പാഴാകും എന്നല്ലാതെ മറ്റെന്തു ഫലം എന്നാണ് മഹുവ ഉയർത്തുന്ന ചോദ്യം.മതപരമായ നിർബന്ധത്തിനു വഴങ്ങുകയാണെന്ന ആരോപണം മുഖ്യമന്ത്രി സുവേന്ദു അധികാരി നിഷേധിച്ചു. കുട്ടികൾക്ക് നല്ല ഭക്ഷണം എത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് വിശദീകരണം. എന്നാൽ രാജ്മ ബംഗാളിലെ സാധാരണക്കാർ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവല്ല. ഇതിലൊക്കെ ഉപരിയായി ബംഗാളിലെ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ആശങ്കയിലാണ്. ന്യൂനപക്ഷങ്ങളുടെ ഭക്ഷണശീലങ്ങൾക്കുമേൽ കടന്നുകയറാനുള്ള നീക്കത്തിന്‍റെ തുടക്കമാണെന്നാണ് ആരോപണം.
രാജ്യത്ത് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത് ആരംഭിച്ചത് 1920ൽ മദിരാശിയിലാണ്. സ്കൂൾ വിദ്യാഭ്യാസം നിർബന്ധിതമാക്കുന്നതിന്‍റെ ഭാഗമായാണ് തുടങ്ങിയത്. 1956ൽ കെ കാമരാജ് ആണ് വ്യാപകമായി പദ്ധതി നടപ്പാക്കിയത്. അന്നുമുതൽ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിൽ തമിഴ്നാടാണ് രാജ്യത്തിനു മാതൃക. ഉച്ചഭക്ഷണത്തിനൊപ്പം വ്യാപകമായി മുട്ട വിതരണം ചെയ്യുന്നത് ആരംഭിച്ചതും തമിഴ്നാടാണ്.ദരിദ്രകുടുംബങ്ങളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താനുള്ള പ്രചോദനമായാണ് ഈ ഭക്ഷണം ഉപയോഗപ്പെടുത്തിയത്. തമിഴ്നാട്ടിലെ വിദ്യാഭ്യാസ നിലവാരം ഉയർന്നതും അങ്ങനെയാണ്. ഉച്ചഭക്ഷണത്തിനൊപ്പം കുട്ടികളുടെ ആരോഗ്യ പരിശോധനയും ആരംഭിച്ചതും തമിഴ്നാട്ടിലാണ്. ഇതും സാമൂഹികമായി വലിയ മാറ്റം ഉണ്ടാക്കി. മറ്റു സംസ്ഥാനങ്ങളിലേക്ക് ഈ ശീലങ്ങൾ എത്തിയത് തമിഴ്നാട്ടിൽ നിന്നാണ്.
മുട്ട മാത്രമല്ല, സവാളയും വെളുത്തുള്ളിയും ഒന്നും ഉപയോഗിക്കാൻ പാടില്ല എന്നു വിശ്വസിക്കുന്നവരുടെ കൂട്ടമാണ് കൃഷ്ണ കോൺഷ്യൻസ്. അരിക്കും പരിപ്പിനും പുറമെ കിച്ചടിയും രാജ്മമയും സോയയും നൽകാനാണ് സംഘടനയുടെ തീരുമാനം. പിഎം പോഷൺ പദ്ധതി അനുസരിച്ച് സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്‍റെ മെനു തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കാണ്. സന്നദ്ധ സംഘടനകളുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിനെ അംഗീകരിക്കുന്നുമുണ്ട്.ഇസ്കോൺ നിലവിൽ എട്ടു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. 21 നഗരങ്ങളിലായി 12 ലക്ഷം വിദ്യാർത്ഥികൾക്ക് ദിവസവും ഭക്ഷണം നൽകുന്നു എന്നാണ് കണക്ക്. ഈ രീതിയാണ് ബംഗാളിലേക്കും വ്യാപിപ്പിക്കുന്നത്. ഇസ്കോണിന്‍റെ ഭക്ഷ്യശീലം രാജ്യമെങ്ങും വ്യാപിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നത്. രാജ്യമെങ്ങും പുതിയ വെജിറ്റേറിയൻ ശീലങ്ങൾ ഉണ്ടാക്കിയെടുക്കാനാണ് ശ്രമം എന്നാണ് ആരോപണം.
