പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് സമസ്ത. പദ്ധതിയിൽ നിന്ന് പിന്മാറാത്തത് എന്താണെന്ന് യുഡിഎഫ് നേതാക്കളോട് ചോദിക്കണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ബിഗ് ടിവിയോട്. എൽഡിഎഫ് സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറിയതാണെന്നും ഉമർ ഫൈസി പറഞ്ഞു. മുൻ സർക്കാർ ഒപ്പിട്ട പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതിൽ സാങ്കേതിക പ്രശ്നമുണ്ടെന്നും, തുടർ നടപടി യുഡിഎഫ് തീരുമാനിക്കുമെന്നുമായിരുന്നു മന്ത്രിമാരുടെ പ്രതികരണം
പ്രതിപക്ഷത്തായിരുന്നപ്പോൾ ശക്തിയുക്തം എതിർത്ത പദ്ധതി, ഭരണത്തിലേറിയപ്പോൾ കൃത്യമായ എതിർപ്പ് യുഡിഎഫ് നേതാക്കളുടെയോ, മന്ത്രിമാരുടെയോ ഭാഗത്ത് നിന്ന് ഇല്ല. ഇതോടെയാണ് സമസ്ത നിലപാട് കടുപ്പിക്കുന്നത്. പദ്ധതി ബിജെപി അജണ്ട സ്കൂളുകളിൽ നടപ്പാക്കുന്നതാണ്. എന്തുകൊണ്ട് പിന്മാറുന്നില്ല എന്ന് യുഡിഎഫ് നേതാക്കൾ പറയണമെന്നും സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം പറഞ്ഞു.
നേരത്തെ എൽഡിഎഫ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ട് ബോധം വന്നപ്പോൾ പിന്മാറിയതാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. മുൻ സർക്കാർ നടപ്പാക്കിയ പദ്ധതിയെന്ന യുഡിഎഫ് മന്ത്രിമാരുടെ ന്യായവാദത്തിനാണ് സമസ്ത മുശാവറ അംഗത്തിൻ്റെ മറുപടി. യുഡിഎഫ് പദ്ധതിയിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷയില്ലെന്നും വിമർശനം.
നേരത്തെ സമസ്ത മുഖപത്രമായ സുപ്രഭാതത്തിലും യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേന്ദ്ര സർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിക്കാതിരിക്കാൻ യുഡിഎഫ് സർക്കാർ അതീവ ജാഗ്രത പാലിക്കുന്നു എന്നതടക്കമായിരുന്നു സുപ്രഭാതം എഡിറ്റോറിയലിലെ വിമർശനം.
