കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയുടെ പശ്ചാത്തലത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി സ്വകാര്യ ബസ്സുടമകൾ. സർക്കാരിന് മുന്നിൽ മൂന്ന് പ്രധാന ഉപാധികളാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇവ അംഗീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പ്.
ഒരു കിലോമീറ്റർ സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് ഏകദേശം 50 രൂപ ചെലവ് വരുന്നുണ്ടെന്നാണ് ബസ്സുടമകളുടെ വാദം. അതിനാൽ കിലോമീറ്ററിന് 55 രൂപ നിരക്കിൽ സ്വകാര്യ ബസ് സർവീസുകൾ ഭാഗികമായി സർക്കാർ ഏറ്റെടുക്കണമെന്നാണ് ആദ്യ ആവശ്യം. ദിവസേന ലഭിക്കുന്ന കലക്ഷൻ സർക്കാരിന് കൈമാറാമെന്നും ബസ്സുടമകൾ പറയുന്നു.അല്ലെങ്കിൽ കെഎസ്ആർടിസി മോഡൽ സീറോ ടിക്കറ്റ് സ്ത്രീകൾക്കുവേണ്ടി സ്വകാര്യബസ്സിലും നടപ്പാക്കണം. സ്ത്രീകൾക്ക് നൽകുന്ന സൗജന്യത്തിന് പകരം ടിക്കറ്റ് തുക സർക്കാർ തരണം. ഇത് സ്വീകാര്യമല്ലെങ്കിൽ ഡീസൽ പകുതി വിലയ്ക്ക് നൽകാനും റോഡ് ടാക്സ് ഒഴിവാക്കാനും തയ്യാറാക്കണം. സർക്കാരിന്റെ സാമ്പത്തിക പിന്തുണയില്ലാതെ സ്വകാര്യ ബസ് മേഖലയ്ക്ക് മുന്നോട്ടുപോകാനാകില്ലെന്നും ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കേണ്ടി വരുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുന്നറിയിപ്പ് നൽകി.
”സ്വകാര്യ ബസ് സർവീസ് സര്‍ക്കാര്‍ ഏറ്റെടുക്കണം”സർക്കാരിന് മുന്നിൽ ഉപാധികൾ വെച്ച് ബസ് ഉടമകൾ
