പയ്യോളി സി ഐ ബാബുമോൻ, സി പി ഒ അബ്ദുൾ ഹമീദ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
പ്രതി അബ്ദുൽ റഫീഖിനെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിക്ക് മുൻകൂർജാമ്യം ലഭിച്ചതിലും പോലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണത്തെ തുടർന്നാണ് നടപടി. പാറക്കൽ അബ്ദുള്ള എംഎൽഎയും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നൽകിയിരുന്നു. 12 കാരി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് റഫീഖിനെതിരെയുള്ള കേസ്. തുടക്കം മുതൽ റഫീഖിനെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇയാൾ ഉപദ്രവിച്ചത്. നിരാലംബയായ കുട്ടിക്ക് നീതി കിട്ടാൻ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഒന്നിച്ചിറങ്ങുകയായിരുന്നു.
ഇന്നലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്കും വടകര റൂറൽ എസ്.പി ഓഫീസിലേക്കും നാട്ടുകാർ മാർച്ച് നടത്തി. പ്രതിഷേധം ശക്തമായതോടെയാണ് കോഴിക്കോട് ഐജി സി.ഐയേയും സി.പി.ഒ യേയും സസ്പെൻഡ് ചെയ്തത്. പ്രതിക്ക് മുൻകൂർ ജാമ്യം ലഭിച്ചത് പൊലീസിൻ്റെ വീഴ്ച്ച കാരണമാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
റഫീക്കിൻ്റ മുൻകൂർ ജാമ്യം കൊയിലാണ്ടി കോടതി കഴിഞ്ഞ ദിവസം റദ്ദ് ചെയ്തെങ്കിലും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തില്ല. പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിയെ കണ്ടെത്താൽ ലുക്ക് ഔട്ട് നോട്ടീസ് അടക്കമുള്ള ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ല. ഇതാണ് ആക്ഷൻ കമ്മിറ്റിയെ പ്രകോപിപ്പിച്ചത്. പോലീസ് സ്റ്റേഷന് മുന്നിൽ മാത്രമല്ല പ്രതി റഫീഖിൻ്റെ വടകരയിലുള്ള വീടിനു മുന്നിലും ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
