ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിൽ ആക്ഷേപിച്ച കേസിൽ പ്രതിയായ രാജൻ ജോസഫിനെ സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു ആക്രമണം. സ്റ്റേഷൻ ആക്രമിച്ച പ്രതികളെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുകയാണെന്ന് സിപിഐഎം ആരോപിച്ചു.
ജൂലൈ 11 ന് രാത്രി 10 മണിയോടെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടൂർ പോലീസ് സ്റ്റേഷനിൽ ആക്രമണം നടത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ അറസ്റ്റിലായ രാജൻ ജോസഫിനെ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ. ശ്രീനാദേവിയുടെ നേതൃത്വത്തിൽ 20 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് പോലീസ് വാഹനം തടഞ്ഞ് രാജൻ ജോസഫിനെ മർദ്ദിക്കാൻ ശ്രമിക്കുകയായിരുന്നു. തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനും മർദ്ദനമേറ്റു. തുടർന്ന് സ്റ്റേഷനുള്ളിൽ കയറിയും സംഘം പരാക്രമം തുടർന്നു.
ലോക്കപ്പിനുള്ളിലാക്കിയ രാജൻ ജോസഫിനെ പരാതിക്കാരിയായ ശ്രീനാദേവി കുഞ്ഞമ്മ ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികൾക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് സി പി ഐ എം. ശ്രീനാദേവിയും രാഹുൽ മാങ്കൂട്ടത്തിലും ഉൾപ്പെടെയുള്ളവരാണ് അടൂർ പോലീസ് സ്റ്റേഷൻ നിയന്ത്രിക്കുന്നതെന്ന സിപിഐമ്മിന്റെ ആക്ഷേപം ശക്തമാകുന്നതിനിടയാണ് ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള പുതിയ ദൃശ്യങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നത്.
