സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്താനുള്ള നിർണായക മുശാവറ യോഗം നാളെ കോഴിക്കോട് ചേരും. അന്തരിച്ച ആലിക്കുട്ടി മുസ്ലിയാർക്ക് പകരക്കാരനായാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത്.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ഒഴിവുള്ള മുശാവറ അംഗങ്ങളുടെ സ്ഥാനത്തേക്കും പുതിയ ആളുകളെ കണ്ടെത്തുന്നതിൽ സമസ്തയ്ക്കുള്ളിൽ ചേരിപ്പോര് ശക്തമാണ്. ലീഗ് അനുകൂല–വിരുദ്ധ വിഭാഗങ്ങൾക്കും മുസ്ലിം ലീഗിനും സ്വീകാര്യനായ ഒരാളെ ജനറൽ സെക്രട്ടറിയാക്കുക എന്നതാണ് നേതൃത്വത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി.
സമസ്ത ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർക്കാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പ്രഥമ പരിഗണന. എം.ടി. അബ്ദുള്ള മുസ്ലിയാർ, വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
മുശാവറ യോഗത്തിന് മുമ്പ് പ്രധാന നേതാക്കൾ യോഗം ചേർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു പേരിൽ ധാരണയിലെത്തുമെന്നാണ് സൂചന. ഇതിന് ശേഷമാകും മുശാവറയിൽ പുതിയ ജനറൽ സെക്രട്ടറിയുടെ പേര് നിർദേശിക്കുക.
