കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിലെ തസ്തികയിലേക്കുള്ള നിയമന പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര സാങ്കേതിക പിഴവ് സംഭവിച്ചതായി പിഎസ്‌സി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പരീക്ഷ കൺട്രോളർ സമർപ്പിച്ച റിപ്പോർട്ടിലാണ് പിഴവ് സ്ഥിരീകരിച്ചത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ ആഭ്യന്തര വിജിലൻസ് വിഭാഗത്തിന് പിഎസ്‌സി കമ്മീഷൻ നിർദേശം നൽകി.
ഓൺസ്‌ക്രീൻ മാർക്കിങ് (OSM) രീതിയിൽ നടത്തിയ മൂല്യനിർണ്ണയത്തിലാണ് പിഴവ് സംഭവിച്ചത്. പരീക്ഷയുടെ ഒന്നാം പേപ്പറിലെ ഇക്കണോമിക്‌സ് വിഷയത്തിൽ പത്ത് ചോദ്യങ്ങൾക്കായിരുന്നു മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്നത്. എന്നാൽ, ആകെ മൂല്യനിർണ്ണയം നടത്തേണ്ടിയിരുന്ന 228 ഉത്തരക്കടലാസുകളിൽ 177 എണ്ണത്തിലും ക്രമനമ്പർ 10 മുതൽ 18 വരെയുള്ള ഒമ്പത് ചോദ്യങ്ങൾ മൂല്യനിർണ്ണയത്തിനായി വിദഗ്ധർക്ക് അസൈൻ ചെയ്തിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
അതേസമയം, പിഎസ്‌സിയിലെ ക്രമക്കേടുകളെക്കുറിച്ച് സംസ്ഥാന വിജിലൻസ് സമഗ്ര അന്വേഷണം നടത്തും. ഇതിനായി ആഭ്യന്തര വകുപ്പിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടിയ ശേഷമാകും തുടർനടപടി. വിഷയത്തിൽ അന്തിമ തീരുമാനം നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
