കേരളത്തിലെ രണ്ടാമത്തെ മെട്രോ പദ്ധതിയായ തിരുവനന്തപുരം മെട്രോ യാഥാർഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാകുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഡിപിആർ പരിഗണിക്കുമെന്നാണ് സൂചന. മന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാൽ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യം.
ദേശീയ മെട്രോ റെയിൽ നയപ്രകാരം ആവശ്യമായ ജനസംഖ്യയില്ലാത്തത് മുൻകാലങ്ങളിൽ പദ്ധതിക്ക് തിരിച്ചടിയായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ആ തടസ്സം നീങ്ങിയതോടെയാണ് പദ്ധതി മുന്നോട്ടുപോകുന്നത്.നിലവിലെ ഡിപിആർ പ്രകാരം പദ്ധതിക്ക് ഏകദേശം 8,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. 31 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് മെട്രോ പാതയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാപ്പനംകോട്, തമ്പാനൂർ, പാളയം, പി.എം.ജി, ഉള്ളൂർ, കഴക്കൂട്ടം വഴി ഇഞ്ചക്കൽ വരെ ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട റൂട്ട്.
പദ്ധതി ചെലവിന്റെ 60 ശതമാനം വായ്പയായും ബാക്കി 40 ശതമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 20 ശതമാനം വീതവും വഹിക്കുമെന്നാണ് നിർദേശം. പദ്ധതിയുടെ നിർവഹണ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനായിരിക്കും.വലിയ തോതിൽ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമില്ലെന്നത് പദ്ധതിയുടെ പ്രധാന സവിശേഷതയായി കണക്കാക്കപ്പെടുന്നു. മന്ത്രിസഭ അംഗീകാരം നൽകിയാൽ ഡിപിആർ കേന്ദ്രസർക്കാരിന് സമർപ്പിക്കും. കേന്ദ്രാനുമതി ലഭിച്ചാൽ ആറുമാസത്തിനകം നിർമ്മാണം ആരംഭിക്കാനും ആദ്യഘട്ട പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനുമാണ് നിലവിലെ ലക്ഷ്യം.
