വായ്പ എടുക്കാത്തവരുടെ പേരിലും ജാമ്യം നിന്നവരുടെ പേരിലും ലോൺ തുക രേഖപ്പെടുത്തിയെന്ന പരാതിയിൽ വയനാട്ടിൽ ശ്രീറാം ഫിനാൻസിനെതിരെ പ്രതിഷേധം. മാനന്തവാടിയിൽ യുവമോർച്ചയും പുൽപ്പള്ളിയിൽ ഡിവൈഎഫ്ഐയും ശ്രീറാം ഫിനാൻസ് ബ്രാഞ്ചുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു.
വായ്പ എടുത്ത് തിരിച്ചടവ് പൂർത്തിയാക്കിയവരുടെ പേരിലും കുടിശ്ശിക കാണിക്കുന്നതായാണ് ഉപഭോക്താക്കളുടെ പരാതി. വിവരങ്ങൾ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിച്ചതോടെ സിബിൽ സ്കോറിനെ ബാധിച്ചപ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്.
വായ്പ എടുക്കാത്തവരുടെ പേരിൽ പോലും തിരിച്ചടവ് ബാധ്യത കാണിക്കുന്നതായും നിരവധി പേർ പരാതിയുമായി ഓഫീസുകളിൽ എത്തിയതായും പ്രതിഷേധക്കാർ ആരോപിച്ചു.അതേസമയം, സെർവറിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നും ഇത് ഉടൻ പരിഹരിക്കുമെന്നും ശ്രീറാം ഫിനാൻസ് അധികൃതർ വ്യക്തമാക്കി. പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
