വയനാട് കള്ളാടിയിലെ മലയിടിച്ചിൽ ദുരന്തത്തിൽ കാണാതായിരുന്ന അവസാന ആളുടെ മൃതദേഹവും കണ്ടെത്തി.ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്‌കോണിന്റെ കൺസ്ട്രക്ഷൻ മാനേജരും ഹിമാചൽ പ്രദേശ് സ്വദേശിയുമായ വിക്രം സിംഗ് റാണയുടെ മൃതദേഹമാണ് ആറാം ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്താനായി.
ജനകീയ പങ്കാളിത്തത്തോടെയും എൻഡിആർഎഫ്, ഫയർഫോഴ്‌സ്, പൊലീസ്, മറ്റ് രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലുമാണ് ആറാം ദിവസവും തിരച്ചിൽ തുടർന്നത്. അപകടത്തിൽ പരിക്കേറ്റ മലയാളി തൊഴിലാളി കുഞ്ചുവിനെ സ്ഥലത്തെത്തിച്ച് വിക്രം സിംഗ് റാണ അവസാനമായി ഉണ്ടായിരുന്ന സ്ഥലം തിരിച്ചറിഞ്ഞു. തുടർന്ന് മീനാക്ഷി പാലത്തിന് സമീപം എൻഡിആർഎഫിന്റെ കെഡാവർ ഡോഗ് ‘റാമ്പോ’ അസാധാരണമായി പ്രതികരിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇരുമ്പ് പൈപ്പുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
വിക്രം സിംഗ് റാണയുടെ ബന്ധുക്കൾ വയനാട്ടിലെത്തിയിരുന്നു. വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബാം ചെയ്ത് സ്വദേശത്തേക്ക് കൊണ്ടുപോകും. കേരള സർക്കാരിനും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്കും കുടുംബം നന്ദി അറിയിച്ചു.അതേസമയം, തുരങ്കപാത നിർമാണത്തിനായി കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതും ദുരന്തത്തിന്റെ കാരണങ്ങളും പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി അടുത്ത ദിവസം വയനാട്ടിലെത്തി പഠനം ആരംഭിക്കും.
