കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച ആർ. രാജേഷിന് ഹൈക്കോടതിയുടെ ആദരം. രാജേഷാണ് യഥാർത്ഥ ഹീറോയെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യജിച്ച രാജേഷ് യഥാർത്ഥ ഹീറോയാണെന്ന് ഹൈക്കോടതി. രാജേഷിന്റെ ത്യാഗം അതുല്യവും സമാനതകളില്ലാത്തതുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സർക്കാർ രാജേഷിന്റെ കുടുംബത്തോടൊപ്പം നിൽക്കണമെന്നും കോടതി നിർദേശിച്ചു.
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് രാജേഷിന്റെ ജീവത്യാഗത്തെ കോടതി ആദരപൂര്‍വം പരാമര്‍ശിച്ചത്.പ്രളയ ജലത്തിൽ അകപ്പെട്ട 61കാരനെ സ്വന്തം ലൈഫ് ജാക്കറ്റ് നൽകി രക്ഷിച്ച ശേഷമാണ് രാജേഷ് എന്ന 36കാരൻ ഒഴുക്കിൽ പെട്ടത്. ആഗസ്റ്റ് 1നായിരുന്നു സംഭവം
അതേസമയം, രാജേഷിന്റെ മൃതദേഹത്തോട് കാണിച്ചത് വീഴ്ചയല്ല, അനാദരവാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. മൃതദേഹം കൊണ്ടുപോകാൻ ഒരു ഫ്രീസർ ആംബുലൻസ് പോലും ലഭ്യമാക്കിയില്ലെന്ന് ഫിണറായി വിജയൻ പറഞ്ഞു.
സംഭവത്തിൽ കണ്ണൂർ എഡിഎം പി.എൻ. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള അന്വേഷണം പൂർത്തിയായി. പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, സൂപ്രണ്ട്, പയ്യന്നൂർ തഹസീൽദാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണ റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർ പി. വിഷ്ണുരാജിന് കൈമാറും. കളക്ടർ പരിശോധിച്ച ശേഷം റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. വീഴ്ച വരുത്തിയവർക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.
