വിദ്യാർഥി രാഷ്ട്രീയത്തിന് വിലക്കുമായി ഗവർണർ. തിരൂർ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്ക് ഏർപ്പെടുത്താൻ നീക്കം. സ്റ്റുഡന്റ്‌സ് കോഡ് 2026 എന്ന പേരിൽ ക്യാംപസ് രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന കരട് രേഖ തയ്യാറാക്കി. സഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ സർവകലാശാലയിലേക്ക് മാർച്ച് നടത്തി
ഗവർണർ രാജേന്ദ്ര ആര്‍ലേക്കർ നൽകിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പുതിയ പെരുമാറ്റച്ചട്ടം തയ്യാറാക്കിയത്. കലാലയ രാഷ്ട്രീയം പൂർണമായും വിലക്കുന്ന അഞ്ച് നിർദേശങ്ങൾ അടങ്ങുന്നതാണ് കരട് രേഖ. പുതിയ ഉത്തരവ് പ്രകാരം ക്യാംപസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതും വിദ്യാർഥികളെ സംഘടിപ്പിക്കുന്നതും ഗുരുതരമായ അച്ചടക്കലംഘനമാണ്. ക്യാംപസിന് അകത്ത് മുദ്രാവാക്യം വിളിക്കുന്നതിന് പോലും വിലക്കുണ്ട്. മുൻകൂർ അനുമതിയില്ലാതെ സമരത്തിന് ആഹ്വാനം ചെയ്യുന്നതും കടുത്ത അച്ചടക്കലംഘനമെന്നാണ് ചട്ടത്തിൽ പറയുന്നത്.
നിയമങ്ങൾ ലംഘിച്ചാൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ പിഴ ചുമത്തൽ മുതൽ പുറത്താക്കൽ വരെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും പുതിയ ചട്ടത്തിലുണ്ട്. പെരുമാറ്റച്ചട്ടം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ സർവകലാശാലയിലേക്ക് മാര്‍ച്ച് നടത്തി. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. കരട് രേഖ നിയമമായി മാറിയാൽ കലാലയ രാഷ്ട്രീയത്തിന്റെ അന്ത്യത്തിനായിരിക്കും അത് വഴിയൊരുക്കുക.
