മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ നടന്നതായി കണ്ടെത്തിയ അവയവക്കടത്ത് കേസിൽ സമഗ്ര അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സർക്കാർ. എറണാകുളം റൂറൽ എസ്.പി. കെ.എസ്. സുദർശനാണ് അന്വേഷണത്തിന് നേതൃത്വം നൽകുക. കേന്ദ്ര ഏജൻസികൾ, ആരോഗ്യ വകുപ്പ് എന്നിവയുമായി ഏകോപിപ്പിച്ചാകും അന്വേഷണം മുന്നോട്ടുപോകുക.
കല്ലട്ര മെഡിക്കൽ ടൂറിസം കമ്പനിയുടെ മറവിൽ നടന്ന അവയവക്കടത്തിന്റെ ചുരുളഴിച്ചത് എറണാകുളം റൂറൽ പൊലീസിന്റെ അന്വേഷണമായിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും നടപടികൾ മന്ദഗതിയിലായെന്ന വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് എസ്ഐടി രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കിയത്.
കുന്നത്തുനാട്, വടക്കേക്കര, അമ്പലമേട് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ അവയവക്കടത്ത്, വ്യാജരേഖ നിർമ്മാണം, സാമ്പത്തിക ഇടപാടുകൾ എന്നിവയെല്ലാം എസ്ഐടി പരിശോധിക്കും. കാസർഗോഡ് സ്വദേശി മുഹമ്മദ് നജീബ് കല്ലട്രയുടെ നേതൃത്വത്തിലുള്ള സംഘം അനധികൃത വൃക്കമാറ്റ ശസ്ത്രക്രിയകൾക്കായി ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസിൽ നജീബുൾപ്പെടെ വിവിധ ജില്ലകളിലെ ഏജന്റുമാരായ എട്ട് പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
35-ലധികം പേരുടെ അവയവദാനത്തിനായി ജനപ്രതിനിധികളുടെ പേരിലുള്ള ശുപാർശക്കത്തുകൾ, വില്ലേജ് സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ എന്നിവ വ്യാജമായി നിർമ്മിച്ചെന്നാണ് കണ്ടെത്തൽ. ഇടപാടുകളുടെ പേരിൽ ഏജന്റുമാർ ലക്ഷക്കണക്കിന് രൂപ കമ്മിഷനായി കൈപ്പറ്റിയതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.
മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വിദേശ രോഗികളെ ഇന്ത്യയിലെത്തിക്കുകയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ അവയവദാനത്തിന് പ്രേരിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണ വിവരം. ഹവാല, ക്രിപ്റ്റോ കറൻസി മാർഗങ്ങളിലൂടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കും.
സൈബർ സെൽ, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, സംസ്ഥാന ഇന്റലിജൻസ്, മനുഷ്യക്കടത്ത് വിരുദ്ധ സെൽ എന്നിവയിലെ ഉദ്യോഗസ്ഥരും എസ്ഐടിയുടെ ഭാഗമാകും. ദാതാക്കളും സ്വീകർത്താക്കളും തമ്മിലുള്ള യഥാർത്ഥ ബന്ധം, ഏജന്റുമാരുടെയും കോർഡിനേറ്റർമാരുടെയും പങ്ക്, ഡിജിറ്റൽ തെളിവുകൾ, കോൾ റെക്കോർഡുകൾ, ആശുപത്രികളുടെ പങ്ക്, വിദേശ ഏജന്റുമാരുടെ ബന്ധം എന്നിവ ഉൾപ്പെടെ കേസിന്റെ എല്ലാ വശങ്ങളും എസ്ഐടി അന്വേഷിക്കും. ആദ്യ യോഗം അടുത്ത ആഴ്ച ചേരും.
